കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്ത്. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഒരു സംഘം നോര്‍ത്ത് 24 പര്‍ഗാന ജില്ലയില്‍ ആക്രമിക്കപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല രംഗത്ത് എത്തിയിരിക്കുന്നത്(BJP slashed TMC).
ടിഎംസിക്ക് താലിബാന്‍ മാനസികാവസ്ഥയും സംസ്കാരവുമാണെന്നാണ് പൂനവാലയുടെ ആരോപണം. കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരിക്കും ഇതേ അഭിപ്രായമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൗധരി, സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ സഖ്യത്തില്‍ ടിഎംസിയെ കൂട്ടിയതിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെയും അദ്ദേഹം വിമര്‍ശിച്ചു.
ഒരു കയ്യില്‍ കോണ്‍ഗ്രസ് ടിഎംസിയുമായി സഖ്യമുണ്ടാക്കുന്നു. മറുകയ്യിലുള്ള അവരുടെ തലപ്പൊക്കമുള്ള നേതാവ് പശ്ചിമബംഗാളില്‍ ജനാധിപത്യം ക്ഷയിക്കുന്നുവെന്ന് വിലപിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. ചൗധരിയുമായി യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നുണ്ടോയെന്ന് പ്രതികരിക്കാന്‍ സോണിയയോ രാഹുലോ തയാറാകണം. ഇത് എന്ത് തരം സഖ്യമാണെന്നും അദ്ദേഹം ചോദിച്ചു(Shehzad Poonawalla).
റേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട റെയ്ഡിനിടെയാണ് ഇഡി സംഘം ആക്രമിക്കപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ബ്ലോക്ക് തല നേതാക്കളുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നതിനിടെയായിരുന്നു ആക്രമണം. സന്ദേഷ്ഖാലി ഗ്രാമത്തില്‍ വച്ചാണ് ഇഡി സംഘം ആക്രമിക്കപ്പെട്ടതും അവരുടെ വാഹനം തകര്‍ത്തതും.
ആക്രമണത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രകോപനമുണ്ടായതാണ് ആക്രമണത്തിന് ഇടയാക്കിയതെന്നാണ് ടിഎംസി നേതാവ് കുനാല്‍ ഘോഷിന്‍റെ വിശദീകരണം. മമത ബാനര്‍ജിക്കെതിരെ ബിജെപിക്ക് വേണ്ടി ഇഡി പണിയെടുക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷിയായ തൃണമൂലിന് നേരെ കടുത്ത ഭാഷയിലാണ് കോണ്‍ഗ്രസ് വിമര്‍ശനം നടത്തുന്നത്.
സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംപിയുമായ ആധിര്‍ രഞ്ജന്‍ ചൗധരി ആരോപിക്കുന്നു. കേന്ദ്ര ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് വച്ച് കൊല്ലപ്പെട്ടാലും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
Also Read: ടിഎംസി നേതാവിന്‍റെ വീട്ടിൽ റെയ്‌ഡ് നടത്താനെത്തിയ ഇഡി സംഘത്തിന് നേരെ ആക്രമണം
ടിഎംസിയുടെ രക്ഷാകര്‍തൃത്വത്തില്‍ സംസ്ഥാനത്ത് ഗുണ്ടകളെ സംരക്ഷിക്കുന്നുവെന്നും അവരാണ് ഇഡി സംഘത്തെ ആക്രമിച്ചതെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. സംസ്ഥാനത്ത് ക്രമസമാധാനം ഇല്ലാതായിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അതുകൊണ്ട് എത്രയും പെട്ടെന്ന് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.