ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമികളായ മൂന്ന് സംസ്ഥാനങ്ങളിൽക്കൂടി വിജയമുറപ്പിക്കുമ്പോള്‍ രാജ്യത്ത് ബിജെപി തനിച്ച് ഭരിക്കുന്ന സംസ്ഥാനങ്ങൾ 12 ആയി ഉയരും (BJP On Way To Rule 12 States On Its Own, Congress Down To 3). അതേ സമയം മുൻപ് അപ്രമാദിത്തത്തോടെ ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസ് കേവലം മൂന്ന് സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങും.
മൂന്ന് സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങിയാലും കോൺഗ്രസ് തന്നെയാകും രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാഷ്ട്രീയ പാർട്ടി. മൂന്നാമതുള്ള ആം ആദ്‌മി പാർട്ടി ഡൽഹി, പഞ്ചാബ് എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങൾ ഭരിക്കുന്നു.
നിലവിൽ 9 സംസ്ഥാനങ്ങളാണ് ബിജെപി കേവലഭൂരിപക്ഷത്തോടെ തനിച്ച് ഭരിക്കുന്നത്. ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, ഗോവ, അസം, ത്രിപുര, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണിവ. മധ്യപ്രദേശും, രാജസ്ഥാനും, ഛത്തീസ്‌ഗഡും ഇക്കൂട്ടത്തിലേക്ക് വരുമ്പോൾ കാവി പുതച്ച സംസ്ഥാനങ്ങൾ 12 ആകും. ഇതിനുപുറമെയാണ് ബിജെപി ഭരണസഖ്യത്തിന്‍റെ ഭാഗമായ നാല് സംസ്‌ഥാനങ്ങള്‍. മഹാരാഷ്ട്ര, മേഘാലയ, നാഗാലാൻഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി മറ്റ് പാര്‍ട്ടികള്‍ക്കൊപ്പം ഭരണം പങ്കിടുന്നത്.
അതേസമയം കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന എന്നീ മൂന്ന് സംസ്ഥാനങ്ങൾ മാത്രമാകും ഇനി രാജ്യത്തെ കോൺഗ്രസ് തുരുത്തുകൾ. ബിഹാറിലും ജാർഖണ്ഡിലും കോൺഗ്രസ് ഭരണസഖ്യത്തിന്‍റെ ഭാഗമാണെങ്കില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ സഖ്യകക്ഷിയാണ്. എന്നാല്‍ അവിടെ കോൺഗ്രസ് സര്‍ക്കാരിന്‍റെ ഭാഗമല്ല.
ഇന്ത്യയിൽ നിലവിൽ ആറ് ദേശീയ പാർട്ടികളുണ്ട്. ബിജെപി, കോൺഗ്രസ്, ബഹുജൻ സമാജ് പാർട്ടി (ബിഎ്‌പി), സിപിഐ(എം), നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), എഎപി എന്നിവയാണവ. കേവലം 10 വർഷം മാത്രം പ്രായമുള്ള ആം ആദ്‌മി പാര്‍ട്ടിക്ക് അടുത്തിടെയാണ് ദേശീയ പാര്‍ട്ടി പദവി ലഭിച്ചത്.