ശ്രീനഗർ: കശ്മീരിലെ പുൽവാമയില്‍ ട്രാൽ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയുണ്ടായ വെടിവെയ്പ്പിൽ ബി.ജെ.പി നേതാവിനെ ഭീകരർ വധിച്ചു. ട്രാലിലെ മുനിസിപ്പല്‍ കൗണ്‍സിലര്‍ കൂടിയായ രാകേഷ് പണ്ഡിറ്റിനെയാണ് തീവ്രവാദികൾ വെടിവെച്ചുകൊന്നത്. വെടിവെയ്പ്പിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു.
ALSO READ: കശ്‌മീരിൽ സമാധാനം നിലനിർത്താൻ സൈന്യം പ്രതിജ്ഞാബദ്ധമെന്ന് വൈ.കെ ജോഷി
"ഇന്ന് (ബുധനാഴ്ച) വൈകീട്ട് മൂന്ന് അജ്ഞാതരായ തീവ്രവാദികൾ ട്രാല്‍ മുനിസിപ്പൽ കൗൺസിലർ രാകേഷ് പണ്ഡിറ്റിന് വെടിവെച്ചു കൊലപ്പെടുത്തി. ട്രാൽ ബാലയിലെ താമസക്കാരനായിരുന്നു അദ്ദേഹം. ട്രാൽ പയീനിലെ തന്‍റെ സുഹൃത്തിനെ സന്ദർശിക്കുന്നതിനിടെയിലായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന സോമനാഥ് പണ്ഡിറ്റിന് പരിക്കേറ്റു. സുഹൃത്തിന്‍റെ മകൾ ഗുരുതരാവസ്ഥയിലാണ്." കശ്മീരിലെ ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു.
അതേസമയം, രാകേഷിന്‍റെ സുരക്ഷയ്ക്കായി രണ്ട് പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാരെ നിയോഗിച്ചിരുന്നു. എന്നാല്‍, ആക്രമണ സമയത്ത് ഇവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നില്ല. സംഭവത്തിന് പിന്നാലെ സുരക്ഷാ സേന പ്രദേശം വളഞ്ഞിട്ടുണ്ടെന്നാണ് വിവരം.