ഭോപാൽ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി പ്രഗ്യ സിംഗ് താക്കൂർ. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്ന ദിഗ്‌വിജയ് സിംഗിന്‍റെ പ്രസ്താവനക്കെതിരെയാണ് പ്രഗ്യ താക്കൂറിന്‍റെ പ്രതികരണം.
ദിഗ്‌വിജയ് സിംഗിന്‍റെ പ്രസ്താവന വളരെ ലജ്ജാകരമാണെന്നും അദ്ദേഹം ജനങ്ങളോട് മാപ്പ് പറയണമെന്നും പ്രഗ്യ സിംഗ് താക്കൂർ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച സെഹോറിലെ ടൗൺഹാളിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് ബിജെപി എംപി ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസിന്‍റെ ലക്ഷ്യം തീവ്രവാദം
"തീവ്രവാദത്തെ പിന്തുണയ്ക്കുക എന്നതാണ് കോൺഗ്രസിന്‍റെ പ്രത്യയശാസ്ത്രം. ദേശസ്നേഹികളെയും സന്യാസിമാരെയും ജയിലിൽ അടയ്ക്കുക, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, ഗോ വധം, ആർട്ടിക്കിൾ 370 റദ്ദാക്കൽ എന്നിവയാണ് ഇതാണ് കോൺഗ്രസിന്‍റെ പ്രത്യയശാസ്ത്രം. ബംഗാളിൽ കോൺഗ്രസ് ഇടതുപക്ഷത്തെയും ദേശവിരുദ്ധരെയും പിന്തുണയ്ക്കുന്നു. കോൺഗ്രസുകാരുടെ പ്രത്യയശാസ്ത്രത്തിലെ ദേശസ്‌നേഹത്തെക്കുറിച്ച് ഞങ്ങൾ ഒരിക്കലും കേട്ടിട്ടില്ല,”, പ്രഗ്യ സിംഗ് താക്കൂർ പറഞ്ഞു.
1975 ൽ അടിയന്തരാവസ്ഥയ്ക്ക് ശേഷം 2008 ൽ മാലേഗാവ് സ്ഫോടനക്കേസിൽ ജയിലിലടച്ചപ്പോൾ അടിയന്തരാവസ്ഥ പോലുള്ള മറ്റൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടുവെന്ന് പ്രഗ്യ താക്കൂർ കൂട്ടിച്ചേർത്തു.
ദിഗ്‌വിജയ് സിംഗിന്‍റെ ക്ലബ് ഹൗസ് ചർച്ച
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് സംബന്ധിച്ച് ക്ലബ് ഹൗസ് ചര്‍ച്ചയിലായിരുന്നു ദിഗ്‌വിജയ് സിംഗിന്‍റെ പ്രതികരണം. പാകിസ്ഥാനില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ ഷഹ്‌സേബ് ജിലാനി കൂടി പങ്കെടുത്ത ക്ലബ് ഹൗസ് ചര്‍ച്ചയായിരുന്നു ഇത്.
കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം ആര്‍ട്ടിക്കിള്‍ റദ്ദാക്കിയത് പുനഃപരിശോധിക്കും എന്നാണ് സിംഗ് പറഞ്ഞത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നുവിമര്‍ശിക്കാനും അദ്ദേഹം തയ്യാറായിരുന്നു.
Also Read: ജമ്മു കശ്മീരിന് 'പ്രത്യേക ഭൂമി അവകാശം' നല്‍കണമെന്ന് കോണ്‍ഗ്രസ്
370-ാം ആര്‍ട്ടിക്കിള്‍ റദ്ദാക്കിയപ്പോള്‍ കശ്മീരില്‍ ജനാധിപത്യം ഉണ്ടായിരുന്നില്ല. അവിടെ എല്ലാവരെയും തടവിലാക്കിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ അത്തരമൊരു നടപടിയിലേക്ക് കടന്നത്. ഹിന്ദു രാജാവ് ഭരിച്ചിരുന്ന മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു കശ്മീര്‍. എന്നാല്‍ അവിടെ സഹവര്‍ത്തിത്വമുണ്ടായിരുന്നു. അത് തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചതെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞിരുന്നു.
ദിഗ്‌വിജയ് സിങ്ങിന്‍റെ പ്രസ്താവന കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതേസമയം ബിജെപി വിമര്‍ശനവുമായി രംഗത്തുവരികയും ചെയ്തു.