ഡെറാഡൂൺ: ജവഹർലാൽ നെഹ്‌റു ഉപയോഗശൂന്യനെന്ന് വിശേഷിപ്പിച്ച് ഉത്തരാഖണ്ഡ് ബിജെപിയുടെ ചുമതലയുള്ള എംപി ദുഷ്യന്ത് കുമാർ ഗൗതം. മോദി സർക്കാരിന്‍റെ 8-ാം വാർഷികത്തിന്‍റെ ഭാഗമായി ഡെറാഡൂണിലെ മുസ്സൂറിയിൽ ബിജെപി മഹിള മോർച്ച സംഘടിപ്പിച്ച ഗരീബ് കല്യാൺ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു ദുഷ്യന്ത് കുമാറിന്‍റെ വിവാദ പരാമർശം.
പ്രധാനമന്ത്രിയാകാൻ വേണ്ടി നെഹ്‌റു രാജ്യത്തെ രണ്ടാക്കി വിഭജിച്ചു. എന്നാൽ ബിജെപിയുടെ ശ്യാമപ്രസാദ് മുഖർജി കശ്‌മീരിന് വേണ്ടി ജീവൻ ബലിയർപ്പിച്ചുവെന്നും ദുഷ്യന്ത് കുമാർ പറഞ്ഞു.
ചടങ്ങിൽ പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച ദുഷ്യന്ത് കുമാർ രാജ്യത്തെ രക്ഷിക്കാൻ ഉടലെടുത്ത അവതാരമാണെന്ന് പറഞ്ഞു. രാജ്യത്തിന് ഒരു വെല്ലുവിളി ഉണ്ടാകുമ്പോൾ ഒരു അവതാരം പിറവിയെടുക്കുന്നു. കംസന്‍റെ ക്രൂരതകൾ അവസാനിപ്പിക്കാനാണ് കൃഷ്‌ണൻ ജനിച്ചത്. രാവണന്‍റെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കാനാണ് രാമൻ ജനിച്ചത്. എന്നാൽ ആരും അവരെ കണ്ടിട്ടില്ല. അവരെ കുറിച്ച് കേട്ടതു മാത്രമേ ഉള്ളൂ. പ്രധാനമന്ത്രി മോദിയും ഒരു അവതാരമാണ്. എല്ലാവരും അദ്ദേഹത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. തന്നെപ്പോലെ ജനങ്ങളും ഇതിന് സാക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു.