ന്യൂഡൽഹി: ആഗ്രയിലെ ശ്രീ പരാസ് ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ രോഗികൾ മരിച്ച സംഭവത്തിലെ അന്വേഷണത്തെ പരിഹസിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി. 22 രോഗികൾ മരിച്ച സംഭവത്തിൽ ആശുപത്രിക്ക് അന്വേഷണ ഉദ്യോഗസ്ഥർ ക്ളീൻ ചീറ്റ് നൽകിയതിനെ തുടർന്നാണ് പ്രിയങ്ക പരിഹാസം ഉന്നയിച്ചത്.
ആശുപത്രി അധികൃതർ ഓക്സിജൻ വിതരണം നിർത്തിക്കൊണ്ടുള്ള മോക്ക് ഡ്രില്ല് നടത്തിയതിനെ തുടർന്നാണ് 22 രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചത്. ഉത്തർപ്രദേശിലെ ബിജെപി സർക്കാരും അന്വേഷണത്തിന്‍റെ മോക്ക് ഡ്രിൽ നടത്തി ആശുപത്രിക്ക് ക്ളീൻ ചീറ്റ് നൽകി. സർക്കാരിന്‍റെയും ആശുപത്രികളുടെയും വഴികൾ വ്യക്തമാണ്. രോഗികളുടെ കുടുംബാംഗങ്ങളുടെ അപേക്ഷ അവഗണിച്ചുകൊണ്ട് സർക്കാർ നീതിയുടെ പ്രതീക്ഷകൾ തകർത്തു, പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
ALSO READ: 7.99 ലക്ഷം വീടുകളിൽ ജലവിതരണ പൈപ്പ് സ്ഥാപിച്ചതായി അസം
ശ്രീ പരാസ് ആശുപത്രി ഉടമ താൻ ഓക്സിജൻ വിതരണം അഞ്ച് മിനിറ്റ് നിർത്തിവച്ച് മോക്ക് ഡ്രിൽ നടത്തിയെന്ന് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ആഗ്രാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ മോക്ക് ഡ്രിൽ നടത്തിയാണ് 22 രോഗികൾ മരിച്ചത് എന്നതിന് തെളിവില്ലെന്ന റിപ്പോർട്ടാണ് അന്വേഷണം നടത്തിയ ഡോക്ടർമാരുടെ പാനൽ ജില്ലാ അധികൃതർക്ക് സമർപ്പിച്ചത്.