റായ്‌പൂര്‍ (ചത്തീസ്‌ഗഡ്): ഹിമാചല്‍ പ്രദേശിലെ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് ചത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. ഹിമാചലിലേത് 'ഡബിള്‍ എഞ്ചിന്‍' സര്‍ക്കാരല്ല മറിച്ച് 'ട്രബ്‌ള്‍ഡ് എഞ്ചിന്‍' സര്‍ക്കാരാണെന്നാണ് ഭൂപേഷ് ബാഗല്‍ പരിഹസിച്ചത്. ബിജെപി ഭരിച്ച അഞ്ച് വര്‍ഷം കൊണ്ട് ജനങ്ങള്‍ക്ക് പ്രതീക്ഷ നഷ്‌ടപ്പെട്ടുവെന്നും അവര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നും കോണ്‍ഗ്രസുകാരനായ ബാഗല്‍ കുറ്റപ്പെടുത്തി.
അതേസമയം ഹിമാചല്‍ പ്രദേശില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പ്രഖ്യാപനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി അഭിഷേക് മനു സിങ്‌വി രംഗത്തെത്തിയതിന് പിന്നാലെയാണ് ബിജെപിക്കെതിരെ ബാഗലും പോര്‍മുഖം തുറന്നത്. തെരഞ്ഞെടുപ്പില്‍ എവിടെയെങ്കിലും വോട്ടിന് ക്ഷാമമുള്ളതായി തോന്നിയാല്‍ അപ്പോള്‍ തന്നെ മതപരമായ വിഷയങ്ങളുമായെത്തുന്നതാണ് ബിജെപിയുടെ സമീപനമെന്നായിരുന്നു അഭിഷേക് മനു സിങ്‌വിയുടെ പരിഹാസം. ഹിമാചലില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയുള്ളതാണ് പരസ്‌പരമുള്ള ഈ രാഷ്‌ട്രീയ കൊമ്പുകോര്‍ക്കല്‍.
നവംബര്‍ 12 ന് ഒറ്റഘട്ടമായാണ് ഹിമാചലില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഇതിനായി കഴിഞ്ഞ ഒക്‌ടോബർ 17ന് തെരഞ്ഞെടുപ്പ് വിജ്‌ഞാപനം ഇറക്കുകയും ഒക്‌ടോബർ 25 മുതല്‍ സ്ഥാനാര്‍ഥികളുടെ പത്രിക സമർപ്പണവും നടന്നിരുന്നു. കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ പ്രതീക്ഷ വയ്‌ക്കുന്ന സംസ്ഥാനത്തിലെ വോട്ടെണ്ണല്‍ ഡിസംബർ എട്ടിനാണ്.