കൊൽക്കത്ത : ബംഗാള്‍ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് ജനങ്ങളിലേക്കെത്തിക്കാൻ ഡോക്യുമെന്‍ററിയുമായി ബിജെപി. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതുമുതൽ സംസ്ഥാനത്ത് അരങ്ങേറിയ വിവിധ രാഷ്ട്രീയ സംഘർഷങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
ഫലപ്രഖ്യാപനത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രൂക്ഷമായ സംഘർമാണ് അരങ്ങേറിയത്. ശേഷം സംസ്ഥാനത്തെത്തിയ നിരവധി ബിജെപി നേതാക്കള്‍ക്കെതിരെയും അക്രമം നടന്നിരുന്നു. ബിജെപി വിരുദ്ധ സഖ്യത്തിന് രൂപം നൽകാൻ മുന്നില്‍ നില്‍ക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയെ,പുതിയ പ്രചാരണ പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുകയാണ് ബിജെപി.
പാർട്ടിയുടെ ഐടി സെൽ അംഗങ്ങളാണ് ഡോക്യുമെന്‍ററി ഒരുക്കിയിരിക്കുന്നത്. ബംഗാള്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലുണ്ടായ അക്രമസംഭവങ്ങളും ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തും. ഹിന്ദിക്കും ബംഗാളിക്കും പുറമെ മറ്റ് പ്രാദേശിക ഭാഷകളിലും ഡോക്യുമെന്‍ററി നിർമ്മിക്കും.
'ലക്ഷ്യം മമത'
പശ്ചിമ ബംഗാളിലെ ക്രമസമാധാന നിലയുടെ ഭീകരമായ പോരായ്‌മകള്‍ ഡോക്യുമെന്‍ററിയിലൂടെ തുറന്നുകാട്ടുമെന്ന് ബിജെപി ബംഗാള്‍ വൈസ് പ്രസിഡന്‍റ് പ്രതാപ് ബന്ദ്യോപാധ്യായ പറഞ്ഞു.
"അടുത്ത പ്രധാനമന്ത്രിയാകാനാണ് മമത ബാനർജി ലക്ഷ്യമിടുന്നത്. അതിനാണ് അവർ ഡൽഹിയിലെത്തുന്നതും. പശ്ചിമ ബംഗാളിലെ യഥാർഥ ചിത്രം പുറത്തുകൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
അസം, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഡോക്യുമെന്‍ററി എത്തിക്കും. പശ്ചിമ ബംഗാളിലെ ജനങ്ങൾ എങ്ങനെയാണ് കഷ്ടപ്പെടുന്നതെന്ന് ഞങ്ങൾ എടുത്തുകാണിക്കുമെന്നും ബന്ദ്യോപാധ്യായ് ഇടിവി ഭാരതത്തോട് പറഞ്ഞു.
നിർദേശം പാർട്ടി കേന്ദ്ര നേതൃത്വത്തിന്‍റേത്?
പാർട്ടിയുടെ ദേശീയ നേതൃത്വത്തിന്‍റെ നിർദേശപ്രകാരമാണ് ഡ്യോക്യുമെന്‍ററി നിർമിക്കുന്നതെന്നാണ് റിപ്പോർട്ട്. ഡോക്യുമെന്‍ററിയുടെ ഒരു ഭാഗം കൊൽക്കത്തയിലെ ബിജെപി ഓഫിസിൽ പ്രദർശിപ്പിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പങ്കെടുത്ത ഒരു പാർട്ടി പരിപാടിയിൽ, ഡോക്യുമെന്‍ററിയുടെ ഒരു ഭാഗം മാധ്യമപ്രവർത്തകർക്കായി കാണിക്കുകയും ചെയ്തിരുന്നു.
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന സംഘർഷത്തില്‍ 130 ഓളം ബിജെപി അനുയായികൾ കൊല്ലപ്പെട്ടന്നാണ് പാര്‍ട്ടി വാദം. ഇരകളുടെ കുടുംബാംഗങ്ങളുടെ പ്രതികരണവും ഡോക്യുമെന്‍ററിയിൽ ഉണ്ടാകും.
also read: നിയമസഭ തോല്‍വി : പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി ബംഗാൾ ഘടകം