അഗർത്തല : ത്രിപുര സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുസ്‌മിത ദേവ്. കഴിഞ്ഞ മൂന്ന് വർഷമായി ഭരണകക്ഷി സംസ്ഥാനത്തെ ജനങ്ങളെ ഒറ്റിക്കൊടുക്കുകയാണ് ചെയ്യുന്നത്. ത്രിപുരയിൽ 15 ദിവസത്തെ പര്യടനത്തിനെത്തിയ സുസ്‌മിത ടി.എം.സി വേദിയില്‍ പറഞ്ഞു.
24 മണിക്കൂറും മുടങ്ങാത്ത വൈദ്യുതി, മെച്ചപ്പെട്ട റോഡുകള്‍, പൊതുജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വാഗ്‌ദാനം ചെയ്‌താണ് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍, വാഗ്‌ദാനങ്ങള്‍ നല്‍കുകയല്ലാതെ വികസനം നടത്താന്‍ ഈ ഭരണകൂടത്തിനായില്ല.
'ത്രിപുരയെ മമത ബാനർജി മോചിപ്പിക്കും'
ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്‍ മുന്നോട്ടുവെച്ച ആനുകൂല്യം നൽകാമെന്ന് അവർ വാഗ്‌ദാനം ചെയ്തു. എന്നാല്‍, സർക്കാർ ജീവനക്കാർക്കറിയാം അവര്‍ക്ക് എന്ത് പ്രതിഫലമാണ് ലഭിക്കുന്നതെന്ന്. 2023 ല്‍ വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിലൂടെ ഇന്ന് അനുഭവിക്കുന്ന ദുരിതത്തില്‍ നിന്നും ത്രിപുരയെ മമത ബാനർജി മോചിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
മുന്‍ കോണ്‍ഗ്രസ് എം.പിയായ സുസ്‌മിത രണ്ടാഴ്‌ച മുന്‍പാണ് പാര്‍ട്ടിവിട്ട് തൃണമൂലില്‍ ചേര്‍ന്നത്. 'പൊതുസേവനത്തിന്‍റെ പുതിയ അധ്യായം' എന്ന് പരാമര്‍ശിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് അവര്‍ രാജിക്കത്തയച്ചത്.
ALSO READ: രാജ്യത്ത് 42,618 പേർക്ക് കൂടി COVID 19 ; 330 മരണം