ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ സംഘടന ചുമതലയുള്ള നേതാക്കളുടെ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ച് ബിജെപി. പാർട്ടി ദേശീയ അധ്യക്ഷനായ ജെപി നദ്ദയാണ് സംസ്ഥാനങ്ങളിലേക്കുള്ള നേതാക്കളെ നിയോഗിച്ചത്. കേരളമുൾപ്പെടെ 15 സംസ്ഥാനങ്ങളിൽ ബിജെപിയുടെ സംഘടന ചുമതലയുള്ള നേതാക്കളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കേരളത്തിൽ പ്രകാശ് ജാവദേക്കര്‍ എംപിക്കാണ് സംഘടന ചുമതല (പ്രഭാരി). സഹ പ്രഭാരിയായി ഡോ. രാധ മോഹൻ അഗർവാൾ എംപിയെയും നിയോഗിച്ചു. അതേസമയം ലക്ഷദ്വീപിൽ രാധ മോഹൻ അഗർവാൾ സംഘടന ചുമതല വഹിക്കും. നേരത്തെ ലക്ഷദ്വീപിന്‍റെ ചുമതല എ.പി അബ്ദുല്ലക്കുട്ടിക്കായിരുന്നു.
ബിഹാറിൽ വിനോദ് താവ്‌ഡെയെ പ്രഭാരിയായും ഹരീഷ് ദ്വിവേദിയെ സഹ പ്രഭാരിയായും നിയോഗിച്ചു. തെലങ്കാനയിൽ തരുൺ ചുഗ് (പ്രഭാരി), മലയാളിയായ അരവിന്ദ് മേനോൻ (സഹ പ്രഭാരി) എന്നിവർക്കാണ് സംഘടന ചുമതല.
ഇതിനുപുറമേ ഛത്തീസ്‌ഗഡ്, ദാദ്ര നഗർ ഹവേലി ആൻഡ് ഡാമൻ ഡ്യൂ, ഹരിയാന, ജാർഖണ്ഡ്, മധപ്രദേശ്, പഞ്ചാബ്, ഛണ്ഡിഖഡ്, രാജസ്ഥാൻ, ത്രിപുര, പശ്ചിമ ബംഗാൾ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും പുതിയ നേതാക്കളെ സംഘടന ചുമതലയ്‌ക്കായി നിയോഗിച്ചിട്ടുണ്ട്. 2024ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനയെ ശക്തിപ്പെടുത്തുന്നതിന്‍റെ കൂടി ഭാഗമായാണ് സംസ്ഥാനങ്ങളിലെ നേതൃമാറ്റം.