മംഗളൂരു: ദക്ഷിണ കര്‍ണാടകയിലെ യുവമോര്‍ച്ച പ്രവര്‍ത്തകൻ പ്രവീണ്‍ കുമാര്‍ നെട്ടാറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികൾ കൂടി കര്‍ണാടക പൊലീസിന്‍റെ പിടിയിലായി. കാസര്‍കോട് ബെക്കള റോഡിലെ മാലിക് ഇബിൻ ദീനാർ മസ്‌ജിദിലായിരുന്നു പ്രതികള്‍ ഒളിച്ച് താമസിച്ചിരുന്നതെന്ന് കര്‍ണാടക എഡിജിപി അറിയിച്ചു. ഷിഹാബ് (33), ബഷീര്‍ (29), റിയാസ് (27) എന്നിവരാണ് അറസ്റ്റിലായത്.
15 ദിവസത്തില്‍ ഏറെയായി പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റില്‍ ആയവരുടെ എണ്ണം 10 ആയി. കൊലപാതകം നടത്തിയ ശേഷം കേരളത്തിലേക്കാണ് പ്രതികള്‍ കടന്നതെന്ന് നേരത്തെ പൊലീസ് പറഞ്ഞിരുന്നു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട്, മറ്റൊരു സംഘടനയായ എസ്.ഡി.പി.ഐ എന്നിവയുടെ പ്രവര്‍ത്തകരാണ് അറസ്റ്റിലായതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
സംഘം കേരള കര്‍ണാടക അതിര്‍ത്തിയില്‍ എത്തിയതായി സുള്യ സബ് ഇന്‍സ്‌പെക്ടര്‍ നവീന്‍ ചന്ദ്ര ജോഗിക്ക് വിവരം ലഭിച്ചിരുന്നു. പ്രതികള്‍ തലപ്പാടി എത്തിയിട്ടുണ്ട് എന്നായിരുന്നു വിവരം. ഇതോടെ പൊലീസ് സംഘം പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ വ്യാപക പരിശോധനയിലാണ് പ്രതികളെ കണ്ടെത്തിയത്. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ കേസ് എന്‍ഐഎക്ക് കൈമാറിയിട്ടുണ്ട്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതായും വിശദമായി ചോദ്യം ചെയ്ത ശേഷം കേന്ദ്ര അന്വേഷണ സംഘത്തിന് കൈമാറുമെന്നും കര്‍ണാടക പൊലീസ് വ്യക്തമാക്കി. ജൂലൈ 26നാണ് ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകനായ നെട്ടാറിനെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്.
Also Read: യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകം; അന്വേഷണം കേരളത്തിലേക്ക്