സിവാൻ: ബിഹാറിലെ സിവാൻ ജില്ലയിൽ വ്യാജമദ്യം കുടിച്ച് 5 പേർ മരിച്ചു. നരേഷ് ബിന്ദ്, ജനക് പ്രസാദ്, രമേഷ് റാവത്ത്, സുരേന്ദ്ര മാഞ്ചി, ലച്ചൻ ദേവ് റാം എന്നിവരാണ് മരിച്ചത്. സംഭവത്തിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തുവെന്ന് ജില്ല മജിസ്ട്രേറ്റ് പാണ്ഡെ പറഞ്ഞു.
വ്യാജമദ്യം കുടിച്ച നിരവധി പേർ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലാണ്. വ്യാജമദ്യം കുടിച്ചതിന് ശേഷം രാത്രിയോടെ പലർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നരേഷ് എന്നയാൾ ഗ്രാമത്തിൽ വച്ച് തന്നെ മരിച്ചു. മറ്റ് നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമാകുവെന്ന് ജില്ല മജിസ്ട്രേറ്റ് പാണ്ഡെ കൂട്ടിച്ചേർത്തു. വ്യാജമദ്യം മൂലമുള്ള മരണങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ജില്ല ഭരണകൂടം ഗ്രാമത്തിൽ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.
2022 ഡിസംബറിൽ ബിഹാറിലെ ഛപ്രയിലും വ്യാജമദ്യം കുടിച്ച് 50ലധികം ആളുകളുടെ ജീവൻ നഷ്‌ടപ്പെട്ടിരുന്നു. മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനത്ത് മദ്യപിച്ചാൽ മരിക്കുമെന്നായിരുന്നു അന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തിയ പ്രസ്‌താവന. 2016 ഏപ്രിലിൽ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ബിഹാറിൽ മദ്യവിൽപ്പനയും ഉപഭോഗവും നിരോധിച്ചിരുന്നു.
Also read: 'മദ്യപിച്ചാൽ മരിക്കും'; 40 പേർ മരിച്ച ബിഹാർ വിഷമദ്യ ദുരന്തത്തിൽ വിവാദ പ്രസ്‌താവനയുമായി മുഖ്യമന്ത്രി