പട്‌ന: ഗംഗാ തീരത്ത് ആശങ്ക ഉയര്‍ത്തി വീണ്ടും മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ ജാഗ്രത കടുപ്പിച്ച് പൊലീസ്. ഇനിയും മൃതദേഹങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ സേന നേരിട്ട് അന്ത്യകര്‍മങ്ങള്‍ നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം മൃതദേഹങ്ങള്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ സംസ്കരിക്കരുതെന്ന് പൊലീസും ആരോഗ്യ പ്രവര്‍ത്തകരും നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
കൊവിഡ് രോഗികളെ സംസ്കരിക്കുന്നതിന് സംവിധാനങ്ങൾ ഏർപ്പെടുത്തിട്ടുണ്ട്. പാമ്പു കടിയേറ്റോ ക്ഷയം പോലുള്ള രോഗത്താലോ മരിക്കുന്നവരുടെ മൃതദേഹങ്ങൾ നദിയിൽ നാട്ടുകാർ ഒഴുക്കാറുണ്ടെങ്കിലും കൊവിഡ് രോഗികളുടെ മൃതദേഹം ഇതാദ്യമായാണ് നദിയില്‍ നിന്നും കണ്ടെത്തുന്നത്. നദിയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ മൺപാത്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അടുത്തിടെ 71 മൃതദേഹങ്ങൾ ബക്സാർ ജില്ലയിലെ ഗംഗയിൽ നിന്ന് പുറത്തെടുത്തതായും അവരുടെ അന്ത്യകർമങ്ങൾ നടത്തിയെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. യുപി, ബിഹാർ അതിർത്തിയായ റാണിഘട്ടിൽ സമാനമായ സംഭവം തടയാൻ വല സ്ഥാപിച്ചതായി ബിഹാർ മന്ത്രി സഞ്ജയ് കുമാർ ജാ പറഞ്ഞു.
ഉത്തർപ്രദേശിലെ ഗാസിപൂരിലെ ഗംഗയിലും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ബിഹാർ സർക്കാർ യുപി ഭരണകൂടത്തിന് നിർദ്ദേശം നൽകി. ബക്‌സാർ ജില്ലയിലെ ചൗസ ഗ്രാമത്തിനടുത്തുള്ള ഗംഗാ നദിയിൽ കണ്ടെത്തിയ മൃതദേഹങ്ങൾക്ക് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.നദിയുടെ പരിശുദ്ധിയെ കുറിച്ച് ബീഹാർ മുഖ്യമന്ത്രി എപ്പോഴും ശ്രദ്ധ പുലർത്തുന്നുണ്ടെന്നും ഇത് ആവർത്തിക്കാതിരിക്കാൻ പട്രോളിങ് ശക്തമാക്കണമെന്നും അദ്ദേഹം ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.