പട്‌ന : ബക്‌സർ ഭാഗത്ത് ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് തീരത്ത് നിരീക്ഷണം ശക്തമാക്കി ബിഹാർ പൊലീസ്. ഗംഗ നദീതീരത്ത് നിരന്തരം പട്രോളിങ് നടത്തുകയാണെന്നും മൃതദേഹങ്ങൾ കണ്ടെടുത്താൽ അവ വീണ്ടെടുത്ത് അന്ത്യകർമങ്ങൾ നടത്തുമെന്നും ചൗസ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ ബി.എൻ ഉപാധ്യായ പറഞ്ഞു. കൂടാതെ ഇനിയാരും ഗംഗയിലേക്ക് മൃതദേഹങ്ങൾ ഒഴുക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ തീരത്ത് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാരാ ഭാഗത്തെ നദീതീരത്തും പട്രോളിങ്ങിനായി പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ കണ്ടെത്തിയ മൃതദേഹങ്ങൾ നാട്ടുകാരുടേതല്ലെന്ന് പട്രോളിങ് സംഘാംഗം ലേഖ്‌പാൽ ജീത്‌ലാൽ ചൗധരി വ്യക്തമാക്കി.
കൂടുതൽ വായനയ്‌ക്ക്: ഗംഗ നദിയിൽ വീണ്ടും മൃതദേഹങ്ങൾ
മൃതദേഹങ്ങൾ അധികവും ഉത്തർപ്രദേശിൽ നിന്നുള്ളതാകാമെന്നാണ് ബക്‌സർ ഗംഗാ ഘട്ടിലെ പുരോഹിതനായ ധനഞ്ജയ് കുമാർ പാണ്ഡെ പറയുന്നത്. കൊവിഡ് രോഗികളെ സംസ്‌കരിക്കുന്നതിന് അധികൃതർ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും ആളുകൾ മൃതദേഹങ്ങൾ സംസ്‌കരിക്കാറില്ല. മറിച്ച് നദിയിലേക്ക് ഒഴുക്കുന്നതാണ് പതിവ്. പാമ്പുകടിയേറ്റോ ടിബി പോലുള്ള രോഗത്താലോ മരിക്കുന്നവരുടെ മൃതദേഹങ്ങൾ ചിലപ്പോഴൊക്കെ പ്രദേശവാസികൾ നദിയിൽ ഒഴുക്കാറുണ്ട്. എന്നാല്‍ ഇവിടത്തുകാര്‍ കൊവിഡ് രോഗികളുടെ മൃതദേഹം ഇത്തരത്തിൽ ഒഴുക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ വായനയ്‌ക്ക്: ഗംഗയില്‍ മൃതദേഹങ്ങള്‍ തള്ളുന്നതിനെതിരെ നടപടിയുമായി യോഗി ആദിത്യനാഥ്
അതേസമയം മൃതദേഹങ്ങൾ നദിയിൽ ഒഴുക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ഉത്തർപ്രദേശ് ഗാസിപൂരിലെ പുരോഹിതര്‍ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്നതിനുമുമ്പ് ബിഹാർ ഭരണകൂടം ഇക്കാര്യം അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ആഴ്‌ചയുടെ ആദ്യദിവസങ്ങളിൽ തന്നെ ബക്‌സർ ഭാഗത്ത് ഗംഗയിൽ നിന്നും 71 മൃതദേഹങ്ങൾ കണ്ടെടുത്തതിന് പിന്നാലെ യുപി- ബിഹാർ അതിർത്തിയായ റാണിഘട്ട് ഭാഗത്ത് കൂടുതൽ ജാഗ്രതാനടപടികൾ സ്വീകരിച്ചതായി ബിഹാർ മന്ത്രി സഞ്ജയ് കുമാർ ഝാ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് യുപി ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
കൂടുതൽ വായനയ്‌ക്ക്:മൃതദേഹ സംസ്‌കരണം: യുപിയില്‍ കർശന നിയന്ത്രണങ്ങൾ