പട്‌ന: "ഖാക്കി: ദി ബിഹാർ ചാപ്റ്റർ" എന്ന നെറ്റ്ഫ്ലിക്‌സ് വെബ് സിരീസിന്‍റെ റിലീസിന് ശേഷം ശ്രദ്ധേയനായ ബിഹാര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ അമിത് ലേധയ്‌ക്ക് സസ്‌പെന്‍ഷന്‍. സര്‍ക്കാരിന്‍റെ ഔദ്യോഗിക സ്ഥാനത്ത് തുടരവെ നെറ്റ്ഫ്ലിക്‌സുമായി വാണിജ്യ കരാര്‍ ഉടമ്പടി സ്ഥാപിക്കുകയും അഴിമതി നടത്തുകയും ചെയ്‌തുവെന്ന പരാതിയിന്‍മേലാണ് നടപടി.
സാമ്പത്തിക നേട്ടങ്ങള്‍ക്കായി തന്‍റെ ഐപിഎസ് പദവി ഉപയോഗിച്ച് പ്രൊഡക്ഷൻ ഹൗസായ ഫ്രൈഡേ സ്റ്റോറി ടെല്ലേഴ്‌സുമായി അമിത് കരാറുണ്ടാക്കി. മാത്രമല്ല, അമിതിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ശരിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതേതുടര്‍ന്ന് ഡിസംബര്‍ ഏഴിന് ഐപിസിയിലെ അഴിമതി നിരോധന നിയമ പ്രകാരമുള്ള 120ബി, 168 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പ്രത്യേക വിജിലന്‍സ് വിഭാഗം അമിത് ലോധയ്‌ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തുവെന്നും കേസില്‍ കൂടുതല്‍ അന്വേഷണം ഉയര്‍ന്ന തലത്തില്‍ നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ബിഹാറിലെ ഗുണ്ടാത്തലവനെ പൊലീസ് പിടികൂടുന്ന കഥ പറയുന്ന സീരിസാണ് "ഖാക്കി: ദി ബിഹാർ ചാപ്റ്റർ". അമിത് ലേധയുടെ 'The true story of how Bihar's most dangerous criminal was caught' എന്ന പുസ്‌തകത്തെ ആസ്‌പദമാക്കിയാണ് സിരീസ് ചിത്രീകരിച്ചത്. സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥന്‍റെയും ക്രിമിനല്‍ സംഘത്തിലെ തലവന്‍റയും കഥയാണിത്.