ന്യൂഡൽഹി: ജനതാദളിൽ വലിയ അടിച്ചമർത്തൽ നടക്കുമെന്നും ധാരാളം നേതാക്കൾ മഹാസഖ്യത്തിൽ ചേരുമെന്നും അവകാശപ്പെട്ട് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി താരിഖ് അൻവർ. മഹാസഖ്യത്തിൽ ചേരാൻ നേതാക്കൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും നിലവിലെ സർക്കാർ തകരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബിഹാറിൽ മഹാസഖ്യത്തിലെ 19 ഓളം നേതാക്കൾ ബിജെപി-ജെഡിയു സഖ്യത്തിൽ ചേരാൻ തയ്യാറാണെന്ന് ജെഡിയു അവകാശപ്പെട്ടതിനെ തുടർന്നാണ് അൻവർ പ്രതികരിച്ചത്. ജെഡിയു എംഎൽഎമാരെ സ്വതന്ത്രമായി പ്രവർത്തിക്കാൻ ബിജെപി അനുവദിക്കുന്നില്ലെന്നും സഖ്യത്തിൽ ഏകാധിപതിയായാണ് അവർ പ്രവർത്തിക്കുന്നതെന്നും അൻവർ പറഞ്ഞു. ബിജെപിയുടെ ഏകാധിപത്യ പ്രവണതകാരണം പാർട്ടിയിൽ ആഭ്യന്തര വിള്ളലുകൾ ഉണ്ടായിട്ടുണ്ടെന്നും അൻവർ കൂട്ടിച്ചേത്തു.
ALSO READ: വിമത നീക്കത്തിനൊടുവിൽ പശുപതി കുമാർ പരസ് എൽജെപി അധ്യക്ഷൻ
സംസ്ഥാനത്ത് 9,000 ത്തിലധികം ആളുകളുടെ മരണത്തിലേക്ക് നയിച്ച കൊവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിൽ മുഖ്യമന്ത്രി നിതീഷ് കുമാർ പരാജയപ്പെട്ടുവെന്നും അൻവർ പറഞ്ഞു. മഹാമാരിയുടെ രണ്ടാം തരംഗത്തെ നേരിടുന്നതിൽ അവർ പരാജയപ്പെട്ടു. ഇത് ആത്യന്തികമായി പാർട്ടി നേതാക്കൾക്കിടയിൽ വലിയ വിള്ളലുണ്ടാക്കിയിട്ടുണ്ട്. അതിനാൽ നേതാക്കൾ മഹാസഖ്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നു, അൻവർ അറിയിച്ചു.
അടുത്തിടെ എൽജെപിയുടെ ആറ് എംപിമാരിൽ അഞ്ചുപേർ പാർട്ടി മേധാവി ചിരാഗ് പാസ്വാനെ പാർലമെന്‍ററി പാർട്ടി നേതാവ് സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് പശുപതി കുമാർ പരസിനെ എൽജെപി ദേശീയ അധ്യക്ഷനായി പാർട്ടി നിയമിച്ചിരുന്നു.