ബക്‌സർ : മസാല ദോശയ്‌ക്കൊപ്പം സാമ്പാർ നല്‍കിയില്ലെന്ന പരാതിയിൽ റെസ്റ്റോറന്‍റിന് പിഴ ചുമത്തി. ബിഹാറിലെ ബക്‌സർ ജില്ലയിലെ പ്രശസ്‌ത റെസ്റ്റോറന്‍റിനാണ് 3500 രൂപ പിഴ ചുമത്തി ജില്ല ഉപഭോക്‌തൃ കമ്മിഷൻ ഉത്തരവിറക്കിയത്. 11 മാസങ്ങൾക്ക് മുമ്പ് ബംഗ്ല ഘട്ട് നിവാസിയായ മനീഷ് പഥക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി.
വീട്ടിൽ ഒരു ചടങ്ങിനായാണ് യുവാവ് റെസ്റ്റോറന്‍റിൽ നിന്ന് മസാല ദോശ വാങ്ങാൻ തീരുമാനിച്ചത്. ഇതിനായി 140 രൂപ നൽകിയതായും മനീഷ് പറഞ്ഞിരുന്നു. എന്നാൽ റെസ്റ്റോറന്‍റിൽ നിന്ന് നൽകിയ പാഴ്‌സലിൽ സാമ്പാർ ഇല്ലായിരുന്നുവെന്നും പരാതിക്കാരൻ നൽകിയ ഹര്‍ജിയിൽ ആരോപിച്ചു.
മസാല ദോശയ്‌ക്കൊപ്പം സാമ്പാർ നൽകാത്തതിൽ പരാതി നൽകാനായി വിളിച്ചപ്പോൾ ഓപ്പറേറ്റർ കാര്യമായി എടുത്തില്ല. തുടർന്ന് ഓപ്പറേറ്റർക്ക് പരാതി അയച്ചെങ്കിലും മാനേജർ മറുപടി നൽകിയില്ല. ഒരു ഉപഭോക്താവെന്ന നിലയിൽ തന്‍റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി അദ്ദേഹം ജില്ല ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകുകയായിരുന്നു.
കഴിഞ്ഞ ദിവസം മനീഷ് പഥക്കിന്‍റെ ഹർജി പരിഗണിച്ച കോടതി റെസ്റ്റോറന്‍റിന്‍റെ സേവനത്തിൽ പിശക് കണ്ടെത്തി. തുടർന്ന്, ചീഫ് ജസ്റ്റിസ് ജെ പ്രകാശ്, വരുൺകുമാർ എന്നിവരടങ്ങിയ കമ്മിഷന്‍റെ ഡിവിഷൻ ബഞ്ച്, പരാതിക്കാരന്‍റെ മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾക്കായി 2,000 രൂപയും കേസിന്‍റെ വ്യവഹാര ചെലവായി 1,500 രൂപ പ്രത്യേക പിഴയും ചുമത്തുകയായിരുന്നു. ആകെ 3500 രൂപ പിഴയായി 45 ദിവസത്തിനകം അടയ്ക്കാനാണ് മാനേജർക്ക് നിർദേശം നൽകിയത്. പ്രസ്‌തുത സമയപരിധിക്കുള്ളിൽ പിഴ അടക്കാതിരുന്നാൽ എട്ട് ശതമാനം പലിശ സഹിതം തുക തിരിച്ചുപിടിക്കണമെന്നും ഉത്തരവിലുണ്ട്.
ജന്മദിനത്തോടനുബന്ധിച്ച് ഉപഭോക്താവ് രാത്രി മസാലദോശ കഴിക്കാൻ പദ്ധതിയിട്ടിരുന്നു. 140 രൂപ കൊടുത്ത് വാങ്ങിയ പാഴ്‌സലുമായി വീട്ടിലെത്തി തുറന്നപ്പോൾ അതിൽ സാമ്പാറില്ലായിരുന്നു. അടുത്ത ദിവസം തന്നെ പരാതിപ്പെട്ടപ്പോൾ, റെസ്റ്റോറന്‍റ് നടത്തിപ്പുകാരൻ ഇതിനെ തമാശയായി തള്ളിക്കളയുകയായിരുന്നു. ഇതോടെയാണ് ബക്‌സർ സിവിൽ കോടതിയിൽ അഭിഭാഷകനായിരുന്ന മനീഷ് പഥക് നിയമ പോരാട്ടം നടത്താൻ തീരുമാനിച്ചത്.
ഓർഡർ ചെയ്‌ത ഓണ സദ്യ കിട്ടിയില്ല; നഷ്‌ടപരിഹാരത്തിന് ഉത്തരവിട്ട് കോടതി: തിരുവോണ നാളിൽ ഓര്‍ഡര്‍ ചെയ്‌ത സദ്യ ഉപഭോക്താവിന് എത്തിക്കുന്നതില്‍ പരാജയപ്പെട്ട റെസ്റ്റോറന്‍റ് അധികൃതരോട് ഉപഭോക്താവിന് നഷ്‌ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് പരാതിക്കാരിയായ ബിന്ദ്യ വി സുതന് അനുകൂലമായി കോടതി വിധി വന്നത്. മേയ്‌സ് റെസ്റ്റോറന്‍റ് എന്ന സ്ഥാപനമാണ് ഉപഭോക്താവിന് 40,000 രൂപ നഷ്‌ടപരിഹാരം നല്‍കേണ്ടത്.
തിരുവോണ നാളില്‍ അതിഥികള്‍ക്കായി അഞ്ച് സദ്യ മേയ്‌സ് റെസ്റ്റോറന്‍റില്‍ നിന്ന് ഓര്‍ഡര്‍ ചെയ്‌തതായി പരാതിക്കാരി ബിന്ദ്യ വി സുതന്‍ നൽകിയ ഹരജിയിൽ സൂചിപ്പിച്ചിരുന്നു. ഇതിന്‍റെ ബില്ലായി 1295 രൂപ നൽകിയിരുന്നു. എന്നാൽ ഓർഡർ ചെയ്‌ത സദ്യ എത്തിക്കാന്‍ റെസ്റ്റോറന്‍റ് ജീവനക്കാര്‍ക്ക് സാധിച്ചിരുന്നില്ല. ഇതോടെ പരാതിക്കാരിയും അവരുടെ അതിഥികളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു.
ഭക്ഷണം എത്താന്‍ വൈകിയതിൽ പലതവണ റെസ്റ്റോറന്‍റ് ജീവനക്കാരുമായി ബന്ധപ്പെട്ടിട്ടും അവര്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. വൈകിട്ട് ആറ് മണിക്ക് ശേഷമാണ് ജീവനക്കാര്‍ താനുമായി ബന്ധപ്പെട്ടതെന്നു ഓര്‍ഡര്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടതിനെ സംബന്ധിച്ച് വിശദീകരണം നല്‍കിയില്ല. റെസ്റ്റോറന്‍റില്‍ സദ്യക്കായി മുൻകൂർ ഓര്‍ഡര്‍ നല്‍കിയിരുന്നതിനാല്‍ പകരം ഭക്ഷണം പാകം ചെയ്യാന്‍ തനിക്ക് സാധിച്ചിരുന്നില്ലെന്നും പരാതിക്കാരി കോടതിയെ അറിയിക്കുകയായിരുന്നു.
റെസ്റ്റോറന്‍റ് ജീവനക്കാരുടെ കാര്യക്ഷമമല്ലാത്ത സേവനം പരാതിക്കാരിക്ക് മാനസികമായ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. സദ്യയ്‌ക്കായി നല്‍കിയ 1,295 രൂപയ്‌ക്ക് പുറമെ 40,000 രൂപ നഷ്‌ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവിട്ടത്. കൂടാതെ നിയമ നടപടികളുടെ ചെലവിനായി 5,000 രൂപ റസ്റ്റോറന്‍റ് നല്‍കണമെന്നും ഉത്തരവിൽ നിര്‍ദേശമുണ്ട്.