പട്‌ന : ജെഡിയു നേതാവ് നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള മഹാസഖ്യ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ പൊതുമധ്യത്തില്‍ എങ്ങനെ പെരുമാറണമെന്ന് ആർജെഡി മന്ത്രിമാർക്ക് നിർദേശം നൽകി ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ആറ് നിർദേശങ്ങളാണ് ആർജെഡിയുടെ 16 മന്ത്രിമാർക്ക് മുൻപാകെ തേജസ്വി യാദവ് അവതരിപ്പിച്ചിരിക്കുന്നത്.
'കാൽതൊട്ട് വണങ്ങാൻ അനുവദിക്കരുത്' : മന്ത്രിമാർ ആരും പുതിയ കാറോ മറ്റ് വാഹനങ്ങളോ വാങ്ങരുതെന്നാണ് ആദ്യ നിർദേശം. നിലവിലുള്ള വാഹനം മാത്രമേ ഉപയോഗിക്കാവൂ. തങ്ങളേക്കാൾ പ്രായമായ വ്യക്തികളെ കൊണ്ട് കാൽതൊട്ട് വണങ്ങാൻ അനുവദിക്കരുത്. യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ കാൽതൊട്ട് വണങ്ങാതെ കൂപ്പുകൈ കൊണ്ട് ആശംസിക്കുന്നത് മന്ത്രിമാർ പ്രോത്സാഹിപ്പിക്കണം. ആശംസിക്കുമ്പോൾ നമസ്‌തേ, അദാബ് എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും തേജസ്വി യാദവ് മന്ത്രിമാരോട് ആവശ്യപ്പെട്ടു.
'മന്ത്രിമാര്‍ സത്യസന്ധത പാലിക്കണം' : സംസ്ഥാനത്തെ എല്ലാ ജനങ്ങളോടും വളരെ മാന്യമായും സൗമ്യമായും മാത്രമേ പെരുമാറാൻ പാടുള്ളൂ. മന്ത്രിമാർ ലാളിത്യത്തോടെ പെരുമാറണം. പാവപ്പെട്ടവരെയും അത്യാവശ്യക്കാരെയും സഹായിക്കാൻ എപ്പോഴും സന്നദ്ധരായിരിക്കണം. സഹായങ്ങൾ ചെയ്യുമ്പോൾ ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തിൽ വിവേചനങ്ങൾ പാടില്ല. പൂക്കളും ബൊക്കെകളും സമ്മാനമായി നൽകുന്നതിന് പകരം പുസ്‌തകങ്ങളോ പേനയോ നൽകുന്നത് പ്രോത്സാഹിപ്പിക്കണം - തേജസ്വി നിർദേശിച്ചു.
മന്ത്രിമാര്‍ സത്യസന്ധത പുലര്‍ത്തണം. തങ്ങളുടെ വകുപ്പിന് കീഴിലെ പ്രവര്‍ത്തനങ്ങള്‍ കൃത്യസമയത്ത് നടപ്പിലാക്കണം, അതിൽ സുതാര്യത പാലിക്കണം. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ കീഴില്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിമാരുടെ പൂര്‍ണ സഹകരണമുണ്ടാകണമെന്നും തേജസ്വി യാദവ് നിർദേശിച്ചു.
എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയുടെയും വകുപ്പിന്‍റെയും പ്രവർത്തനങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കണം. അതുവഴി സർക്കാരിന്‍റെ എല്ലാ പ്രവർത്തനങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കാനാകുമെന്നും തേജസ്വി പറഞ്ഞു.
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വിവാദങ്ങൾ : ഓഗസ്റ്റ് 16ന് നടന്ന കാബിനറ്റ് വിപുലീകരണത്തിന് ശേഷം ആർജെഡി മന്ത്രിമാർക്കെതിരെ വിവാദങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് തേജസ്വി യാദവ് മന്ത്രിമാർക്കുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ അരി കുംഭകോണത്തിൽ കൃഷിമന്ത്രി സുധാകർ സിങ്ങിന്‍റെ പേര് ഉയർന്നുവന്നിരുന്നു. വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖറിന് വെടിയുണ്ടകൾ സൂക്ഷിക്കുന്നതിൽ താത്പര്യമുണ്ടെന്ന് ബിജെപി നേതാവ് സുശീൽ കുമാര്‍ മോദി ആരോപണം ഉന്നയിച്ചു. സഹകരണ മന്ത്രി സുരേന്ദ്ര യാദവ് വാർത്താസമ്മേളനത്തിനിടെ അപകീർത്തികരമായ വാക്കുകൾ ഉപയോഗിക്കുന്ന വീഡിയോ ഇന്ന് പുറത്തുവന്നിരുന്നു.
31 അംഗ മഹാഗഡ്ബന്ധൻ മന്ത്രിസഭയിൽ 16 മന്ത്രിമാരാണ് ആർജെഡിയ്ക്ക് ഉള്ളത്. പാര്‍ട്ടി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്‍റെ മൂത്ത മകനും തേജസ്വി യാദവിന്‍റെ സഹോദരനുമായ തേജ് പ്രതാപ് യാദവും മഹാഗഡ്‌ബന്ധൻ സർക്കാരിന്‍റെ മന്ത്രിസഭയിൽ ഉൾപ്പെടുന്നു. വനം, പരിസ്ഥിതി വകുപ്പ് മന്ത്രിയാണ് തേജ് പ്രതാപ് യാദവ്. തേജ് പ്രതാപ് വിളിച്ച മന്ത്രിയുടേയും വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ പിന്നിലെ നിരയില്‍ സഹോദരീഭർത്താവും ലാലു പ്രസാദ് യാദവിന്‍റെ മരുമകനുമായ ശൈലേഷ് കുമാർ ഇരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതോടെ സാഹോദരീഭര്‍ത്താവിന് അധികാരം നല്‍കി തേജ് പ്രതാപ് യാദവ് മന്ത്രിസ്ഥാനത്ത് തുടരുകയാണെന്ന ആരോപണവുമായി ബിജെപി രംഗത്ത് എത്തി.
തുടരെത്തുടരെയുള്ള ആരോപണങ്ങൾ കണക്കിലെടുത്ത് കൂടുതൽ നാണക്കേട് ഒഴിവാക്കാനാണ് തേജസ്വി യാദവ് നിർദേശങ്ങൾ പുറപ്പെടുവിച്ചതെന്ന് ആർജെഡി വൃത്തങ്ങൾ പറഞ്ഞു. പൊതുസമൂഹത്തിന് മുന്നിൽ അച്ചടക്കവും മര്യാദയും പാലിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെടുത്തതെന്ന് പേര് വെളിപ്പെടുത്താത്ത ആർജെഡിയുടെ മുതിർന്ന നേതാവ് ഇടിവി ഭാരതിനോട് പറഞ്ഞു. അധികാരത്തിൽ വന്നതിന് ശേഷം ആർജെഡി നേതാക്കൾ അനിയന്ത്രിതമായാണ് പ്രവർത്തിക്കുന്നതെന്ന് എവിടെയോ ഒരു ധാരണ പരക്കുന്നുണ്ട്. ഈ ധാരണ തകർക്കാനും ബിഹാറിലെ ജനങ്ങൾക്ക് നല്ല സന്ദേശം നൽകാനും തേജസ്വി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.