ലഖ്‌നൗ: ഹോട്ട്‌സ്‌പോട്ടുകളായ കാൺപൂർ, ആഗ്ര, മീററ്റ് എന്നിവിടങ്ങളിൽ മെഡിക്കൽ വിദഗ്‌ധരുടെയും, ഉദ്യോഗസ്ഥരുടെയും സംഘത്തെ അയക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉദ്യോഗസ്ഥരുമായുള്ള ചർച്ചക്ക് ശേഷം രോഗബാധിത ജില്ലകളിലേക്ക് ആവശ്യമായ പിപിഇ കിറ്റുകൾ അയക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ജില്ലകളിൽ കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം.
സഞ്ജയ് ഗാന്ധി ബിരുദാനന്തര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മുതിർന്ന ഡോക്‌ടര്‍ക്കും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമൊപ്പം ആഗ്രയിൽ ക്യാമ്പ് ചെയ്യാൻ ഐഎഎസ് ഉദ്യോഗസ്ഥരായ അലോക് കുമാർ, രജനീഷ് ദുബേ എന്നിവരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാ അന്തർ സംസ്ഥാന അതിര്‍ത്തികളും യുപി-നേപ്പാൾ അതിർത്തിയും കർശന നിയന്ത്രണത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ സ്വദേശത്ത് എത്താൻ ട്രെയിനോ ബസോ ഏർപ്പാടാക്കും. കമ്മ്യൂണിറ്റി അടുക്കളകൾ ശുചിയാക്കുക, ഭക്ഷണത്തിന്‍റെ ഗുണനിലവാരം പതിവായി പരിശോധിക്കുക, കമ്മ്യൂണിറ്റി അടുക്കളകളിലെ ജീവനക്കാർ ദിവസവും മെഡിക്കൽ പരിശോധന നടത്തുക എന്നീ കാര്യങ്ങളും അദ്ദേഹം നിര്‍ദേശിച്ചു.