ജനീവ: വുഹാനിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന്‍റെ ആശങ്കകളെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി ബുധനാഴ്ച ചർച്ച നടത്തി. എന്നാൽ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന കാര്യത്തിൽ തീരുമാനമായില്ല.തുടർനടപടികൾ പരിഗണിക്കാൻ സമിതി ഇന്ന് വീണ്ടും യോഗം ചേരും.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന് തീരുമാനിക്കാൻ സംഘടനയ്ക്ക് കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് പറഞ്ഞു. തീരുമാനം വളരെ ഗൗരവമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വൈറസ് പടരുന്നത് തടയുന്നതിനായി വുഹാൻ നഗരത്തിൽ അധികാരികൾ സമ്പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ വുഹാനിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളും ട്രെയിനുകളും താൽക്കാലികമായി നിർത്തിവയ്ക്കും.
ഹോങ്കോംഗ്, തായ്‌വാൻ, തായ്‌ലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, അമേരിക്ക, മക്കാവു എന്നിവിടങ്ങളിൽ വുഹാൻ കൊറോണ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിൽ വൈറസ് ബാധയെ തുടർന്ന് 17 പേർ മരിച്ചു. ചൈനയിലുടനീളം 550ലധികം ആളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.