ന്യൂഡല്‍ഹി: ഹൈദരാബാദില്‍ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ച് ഡല്‍ഹി കമ്മീഷന്‍ ഫോര്‍ വുമണ്‍ അധ്യക്ഷ സ്വാതി മലിവാള്‍. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ പൊലീസ് പിന്നെന്ത് ചെയ്യുമെന്ന് സ്വാതി മലിവാള്‍ ചോദിച്ചു.
നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി പീഡന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ കിട്ടുന്ന നിലയിലേക്ക് എത്തിക്കണമെന്നും അല്ലാത്ത പക്ഷം പൊലീസ് നടപടികള്‍ തുടരുമെന്നും സ്വാതി മലിവാള്‍ അഭിപ്രായപ്പെട്ടു. പീഡനക്കേസുകളിലെ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി ഡല്‍ഹിയില്‍ നിരാഹാര സമരം നടത്തുകയാണ് സ്വാതി മലിവാള്‍.
ഇന്ന് പുലര്‍ച്ചെയാണ് തെളിവെടുപ്പിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവെ പൊലീസ് പ്രതികളെ വെടിവെച്ചത്. ലോറി ഡ്രൈവര്‍മാരായ മുഹമ്മദ് ആരിഫ്, ജോളു ശിവ, ക്ലീനര്‍മാരായ ജോളു നവീൻ, ചെന്ന കേശവുലു എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഇരുപത്തിയേഴിന് രാത്രി യുവതിയെ ട്രക്ക് ഡ്രൈവർമാരായ നാലുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.