കുല്‍ഗാം: തീവ്രവാദിയായ മകനോട് സൈന്യം വധിക്കുന്നതിന് മുമ്പ് കീഴടങ്ങാൻ അഭ്യര്‍ഥിക്കുന്ന പിതാവിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ജമ്മു കശ്‌മീരിലെ കുല്‍ഗാമിലാണ് സംഭവം. തീവ്രവാദ സംഘടനയായ ഹിസ്‌ബുള്‍ മുജാഹിദീനില്‍ അംഗമായ ഹിലാല്‍ അഹമ്മദ് എന്ന കശ്‌മീരി യുവാവിനെയാണ് അച്ഛന്‍ ജീവിതത്തിലേക്ക് തിരികെ ക്ഷണിച്ചത്. എന്നാല്‍ അച്ഛന്‍റെ വാക്കുകള്‍ നിരസിച്ച മകന്‍ മിനിട്ടുകള്‍ക്ക് ശേഷം സൈന്യത്തിന്‍റെ വെടിയേറ്റ് മരിച്ചു.
മേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സൈന്യം സ്ഥലത്തേക്ക് പാഞ്ഞെത്തി. പിന്നാലെ തന്‍റെ മകനെ അനുനയിപ്പിക്കാന്‍ തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ട് പിതാവ് സൈനികരെ സമീപിച്ചു. അവര്‍ അത് അനുവദിക്കുകയും ചെയ്‌തു. സൈനികരുടെ പക്കലുണ്ടായരുന്ന മൈക്ക് ഉപയോഗിച്ചാണ് പിതാവ് മകനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്.
ഞാന്‍ നിന്‍റെ അച്ഛനാണ്. സാഹബ് ( ആര്‍മി ഓഫിസര്‍) എന്‍റെ ഒപ്പമുണ്ട്. നീ ആവശ്യപ്പെട്ടാല്‍ നിന്നെ ഞാന്‍ രക്ഷിക്കാം. നിനക്ക് ഒന്നും സംഭവിക്കില്ല. ഞാന്‍ നിനക്ക് ഉറപ്പ് നല്‍കാം. പിതാവ് തുടര്‍ച്ചയായി അഭ്യര്‍ഥിച്ചു. നിങ്ങളുടെ മകനോട് കീഴടങ്ങാൻ പറയു എന്ന് സൈനികൻ പറയുന്നതും വീഡിയോയിലുണ്ട്. കൈ ഉയര്‍ത്തി പുറത്തേക്ക് വന്നാല്‍ മകനെ ഒന്നും ചെയ്യില്ലെന്നും സൈനികൻ പിതാവിനോട് പറയുന്നുണ്ട്. വീഡിയോയുടെ അവസാനം അമ്മയും മകനോട് കീഴടങ്ങാന്‍ അഭ്യര്‍ഥിക്കുന്നതായി കേള്‍ക്കാം. എന്നാല്‍ യാതൊരു ഫലവും ഉണ്ടായില്ല. എല്ലാ സമാധാന ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് സൈന്യം തിരിച്ചടിച്ചത്. സൈനിക നീക്കത്തില്‍ ഹിലാല്‍ അഹമ്മദിനൊപ്പം മറ്റൊരു തീവ്രവാദിയും കൊല്ലപ്പെട്ടു.