ഹൈദരാബാദ്: പ്രമുഖ മരുന്ന് നിര്‍മാതാക്കളായ ഭാരത് ബയൊടെക് ഇന്ത്യയുടെ ആദ്യ കൊവിഡ് പ്രതിരോധ മരുന്ന് വിജയകരമായി വികസിപ്പിച്ചെടുത്ത പശ്ചാത്തലത്തില്‍ ഭാരത് ബയോടെക്കിന്‍റെ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ കൃഷ്ണ എല്ലയുമായി ഇടിവി ഭാരത് നടത്തിയ എക്‌സ്‌ക്ലൂസീവ് അഭിമുഖം. പ്രതിരോധ കുത്തിവെയ്പ്പുകള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള വെല്ലുവിളികളും, അതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളെ കുറിച്ചും ലോകത്തെ ഏറ്റവും വില കുറവുള്ള കൊവിഡ്-19 പ്രതിരോധ മരുന്ന് നിര്‍മിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയെ കുറിച്ചും ഡോ കൃഷ്ണ എല്ല ഇടിവി ഭാരതുമായി സംസാരിച്ചു.
1. മരുന്ന് വികസിപ്പിച്ചെടുക്കുന്നതിനായി വലിയ മത്സരം തന്നെ നടക്കുന്നുണ്ട്. വിജയകരമായ പ്രതിരോധ മരുന്ന് പ്രഖ്യാപിക്കുന്ന ആദ്യ കമ്പനിയാണോ താങ്കളുടേത്?
സാധാരണ ഗതിയില്‍ ഒരു പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കുന്നതിന് 14-15 വര്‍ഷമെടുക്കും. ഇവിടെ 14-15 വര്‍ഷത്തെ ഒരു വര്‍ഷത്തിലേക്ക് ചുരുക്കിയെടുക്കുക എന്നത് ഞങ്ങളെ എല്ലാവരേയും സംബന്ധിച്ചിടത്തോളം വെല്ലുവിളിയാര്‍ന്ന ലക്ഷ്യം തന്നെയാണ്. ഓരോ ഉല്‍പ്പാദകരേയും, ഓരോ നിയന്ത്രണ ഏജന്‍സികളേയും സംബന്ധിച്ചിടത്തോളം അതാണ് അവസ്ഥ. മാത്രമല്ല, ഒരേ സമയം തന്നെ ഉല്‍പ്പാദകരുടേയും അതു നിയന്ത്രിക്കുന്ന അധികൃതരുടേയും തലങ്ങളില്‍ അത് സംഭവിച്ചു കൊണ്ടിരിക്കയാണ്.
2. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് മരുന്ന് വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞു. അത് തന്നെ വലിയ ഒരു നേട്ടമല്ലേ? പക്ഷെ അത് ആഗോള തലത്തിലുള്ള സഹകരണത്തിലൂടെ നേടിയെടുത്തതല്ലേ? ഒട്ടേറെ ശാസ്ത്ര സാഹിത്യ രേഖകള്‍ വെളിപ്പെടുത്തി കഴിഞ്ഞിട്ടുണ്ട് എന്ന നിലയില്‍ എല്ലാ കാര്യങ്ങളും ഗവേഷകര്‍ എല്ലാവര്‍ക്കുമായി പങ്ക് വെച്ചിട്ടുണ്ടല്ലോ. ഇത്തരം ശാസ്ത്രീയ രേഖകള്‍ എത്രത്തോളം താങ്കളെ സഹായിച്ചു?
കൊവിഡ്-19 നെ സംബന്ധിച്ചിടത്തോളം 2-3 മാസങ്ങള്‍ക്ക് മുന്‍പ് അത്രക്കൊന്നും ശാസ്ത്രീയ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. ഒട്ടേറെ വിവരങ്ങള്‍ വന്നു കൊണ്ടിരിക്കുന്നുണ്ട്. ചൈനയും യു എസും എല്ലാം ആ വിവരങ്ങള്‍ എല്ലാം തന്നെ പങ്കുവെക്കുന്നുണ്ട്. എന്നുള്ളതില്‍ ഞാന്‍ സന്തോഷവാനാണ്. അത് നല്ല ഒരു കാര്യമാണ്.
പക്ഷെ ഉല്‍പ്പാദകരുടെ വീക്ഷണ കോണിലൂടെ നോക്കുകയാണെങ്കില്‍ ഒന്നും തന്നെ പ്രസിദ്ധീകരിച്ചിട്ടില്ല. അങ്ങനെ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ തന്നെ അതെല്ലാം കൂടുതലും മൃഗങ്ങളേയും ക്ലിനിക്കല്‍ പരീക്ഷണങ്ങളെയും കുറിച്ചുള്ള വിവരങ്ങളാണ്. ഉല്‍പ്പാദനം എന്നുള്ളത് എപ്പോഴും ഒരു വ്യാപാര രഹസ്യമാണ്. അത് ആരും തന്നെ പങ്കു വെക്കുവാന്‍ തയ്യാറാവുകയില്ല. ഒരു ഉല്‍പ്പാദന പ്രക്രിയയും സാധാരണ പേറ്റന്‍റിനായി ഫയല്‍ ചെയ്യാറുമില്ല. അവയെല്ലാം തന്നെ കമ്പനിക്കകത്തുള്ള സ്വത്തായും, സാങ്കേതിക ജ്ഞാനമായും സൂക്ഷിച്ചു വെക്കാറാണ് പതിവ്.
3. പരീക്ഷണ പ്രക്രിയ എങ്ങനെയാണ് തുടങ്ങുന്നത്, പ്രതിരോധ മരുന്ന് വിപണിയില്‍ എത്തിക്കുന്നതിനു മുന്‍പുള്ള ഘട്ടങ്ങള്‍ ഏതൊക്കെയാണ്?
പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ ഐ വി) ആണ് വൈറസിനെ വേര്‍തിരിച്ചെടുത്തത്. അവരാണ് വൈറസിന് കൃത്യമായ രൂപഘടന നല്‍കിയതും പിന്നീട് അതിനെ ഞങ്ങള്‍ക്ക് നല്‍കിയതും. പിന്നീട് ഞങ്ങള്‍ ഗവേഷണ, വികസന ബാച്ചും, ജിഎംപി ബാച്ചും നിര്‍മിക്കും.
ഗുഡ് മാന്യുഫാക്ച്ചറിങ്ങ് പ്രാക്ടീസ് (ജി എം പി) എന്ന ബാച്ചില്‍ ഉല്‍പ്പാദിപ്പിക്കുന്നതാണ് മനുഷ്യരിലേക്ക് എത്തുന്ന പ്രതിരോധ മരുന്ന്. അതുവഴി ബാച്ചുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇല്ലാതായി മാറും. ബാച്ചുകള്‍ ഉല്‍പ്പാദിപ്പിച്ചു കഴിഞ്ഞതിനു ശേഷമാണ് ഞങ്ങള്‍ ഒരു വൈല്‍ സ്ഥിരതയിലേക്ക് പോവുകയും മറ്റൊന്ന് മൃഗങ്ങളിലെ വിഷ ചികിത്സയിലേക്ക് പോകും. പിന്നീട് ഞങ്ങള്‍ മൂന്ന് വിഷ ചികിത്സകള്‍ മൃഗങ്ങളില്‍ നടത്തും. ചുണ്ടെലി, മുയല്‍, എലി എന്നിവയില്‍ 1-2 ഡോസുകള്‍ കുത്തി വെയ്ക്കും. തുടര്‍ന്ന് പ്രതിരോധ പരിശോധന, വിഷ ചികിത്സ, സുരക്ഷ എന്നിവ പാലിക്കും.
അതു പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് 1-2 ഘട്ടങ്ങളിലുള്ള ക്ലിനിക്കല്‍ രൂപങ്ങള്‍ ലഭിക്കും. ഒന്നാംഘട്ടത്തില്‍ 28 ദിവസമാണ് പരീക്ഷണം നടക്കുക. കൊവിഡ്-19 ല്‍ നിന്ന് മുക്തമായ ഒരാളെ സീറോളജി വിശകലനത്തിനായി തെരഞ്ഞെടുക്കും.
സന്നദ്ധ സേവകരെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ അവരില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി കഴിഞ്ഞ ശേഷം ഡോസുകള്‍ നല്‍കും. പിന്നീട് 28 -മത്തെ ദിവസം സാമ്പിളുകള്‍ എടുക്കും. പിന്നീടാണ് ഞങ്ങള്‍ ശരീര ദ്രവങ്ങളെ കുറിച്ച് പഠനം നടത്തുന്നത്. ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപെടുന്ന ആന്‍റിബോഡികള്‍ വൈറസിനെ പെരുകാന്‍ അനുവദിക്കില്ല. ഇതിനെയാണ് ന്യൂട്രലൈസേഷന്‍ എന്ന് വിളിക്കുന്നത്. പിന്നീട് രക്ത സാമ്പിളുകളും, വൈറസും ബി എസ് എല്‍-3 ലാബില്‍ കൊണ്ടു വരും. ആ വൈറസ് പെരുകുന്നതല്ല. അതിനു ശേഷം ഞങ്ങള്‍ രണ്ട്, മൂന്ന് ഘട്ടങ്ങളിലേക്ക് കടക്കും. അതൊരു ദീര്‍ഘകാല പ്രക്രിയയാണ്.
4. നമ്മള്‍ പ്രതിരോധ കുത്തിവെയ്പ്പിന് എത്രത്തോളം അടുത്തെത്തി?
ഒരു പ്രതിരോധ മരുന്ന് ഉടന്‍ തന്നെ ഉണ്ടാകും എന്നുള്ളതില്‍ സംശയമില്ല. മൂന്ന് വ്യത്യസ്ത തലങ്ങളിലായാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നത്. അതില്‍ രണ്ട് തലങ്ങളില്‍ അത് ഉറപ്പായും പ്രാവര്‍ത്തികമാകും എന്ന് ഞങ്ങള്‍ കരുതുന്നു. നൂറുകണക്കിന് ഗവേഷണ, വികസന കമ്പനികള്‍ ഉണ്ട്. പക്ഷെ പ്രതിരോധ മരുന്ന് നിര്‍മ്മാണ അനുഭവ സമ്പത്തുള്ള ഉല്‍പ്പാദന കമ്പനികള്‍ വളരെ കുറച്ച് മാത്രമേ ഉള്ളൂ.
5. ഇന്ത്യയില്‍ ആറ് സ്ഥാനാര്‍ത്ഥികള്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട് എന്നാണല്ലോ നീതി ആയോഗ് പറഞ്ഞിട്ടുള്ളത്. ഇന്ത്യന്‍ ഉല്‍പ്പാദകര്‍ ആരായിരിക്കാനാണ് സാധ്യത? ഇന്ത്യയില്‍ ലബോറട്ടറികളും ഉല്‍പ്പാദകരും തമ്മിലുള്ള അനുപാതം എത്രയാണ്?
ഇന്ത്യയില്‍ മിക്ക ഉല്‍പ്പാദകരും പ്രതിരോധ മരുന്ന് മേഖലയിലാണുള്ളത്. ഗവേഷണ, വികസന കമ്പനികള്‍ വളരെ കുറച്ച് മാത്രമേയുള്ളൂ. അവര്‍ക്ക് നിലവാര നിയന്ത്രണത്തിലും പ്രതിരോധ മരുന്ന് ഗവേഷണത്തിലും വൈദഗ്ധ്യവുമില്ല.
ഇതൊരു ദീര്‍ഘകാല പ്രക്രിയയാണ്. യു എസ്സില്‍ നിരവധി ഗവേഷണ വികസന കമ്പനികളുണ്ട്. ഇന്ത്യയില്‍ ഉല്‍പ്പാദക കമ്പനികള്‍ ഗവേഷണ വികസന കമ്പനികള്‍ കൂടിയാണ്. നൂറിലധികം ശാസ്ത്രഞ്ജര്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന ഗവേഷണ വികസന കമ്പനികൂടിയാണ് ഭാരത് ബയോടെക്.
6. ബി എസ് എല്‍-3: ഇത് ഒരു പറ്റം മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അല്ലെ?
ബി എസ് എല്‍ എന്നാല്‍ ബയോ സേഫ്റ്റി ലെവല്‍(ജൈവ സുരക്ഷ തലം) എന്നാണ്. ബി എസ് എല്‍ -1 ആണ് ഇതിലെ ഏറ്റവും കുറഞ്ഞ നിലവാരം. ബി എസ് എല്‍-3 ആണ് ഏറ്റവും ഉയര്‍ന്ന നിലവാരം. അതു പോലെ തന്നെ നമുക്ക് ബി എ എല്‍ ലാബുകളും ഉണ്ട്. ബി എസ് എല്‍ -3 നിലവാരത്തിലുള്ള ഉല്‍പാദന സൗകര്യമുള്ള ഒരേയൊരു കമ്പനി ആയിരിക്കും ഭാരത് ബയൊടെക്. ബി എസ് എല്‍-3 നിലവാരത്തിലുള്ള ഒരു സൗകര്യം ഒരുക്കാന്‍ ചൈന ഈയിടെ 200 ദശലക്ഷം ഡോളര്‍ അനുവദിക്കുകയുണ്ടായി. യു എസും അത്തരത്തില്‍ ഒന്ന് നിര്‍മ്മിക്കാന്‍ പോകുന്നു.
ബി എസ് എല്‍-3 സൗകര്യം നമുക്ക് ഇല്ലാ എങ്കില്‍ ഇന്ത്യയില്‍ ലൈവായ സജീവമാക്കാത്ത പ്രതിരോധ മരുന്ന് നിര്‍മ്മിക്കുവാന്‍ ഞങ്ങള്‍ക്ക് അനുവാദം തന്നെ ലഭിക്കില്ലായിരുന്നു. ഈ സൗകര്യം ഇല്ലാതെ നമുക്ക് ലൈവായ വൈറസ് പ്രതിരോധ മരുന്ന് നിര്‍മ്മിക്കാന്‍ കഴിയുകയില്ല. അതിനാല്‍ ഞങ്ങള്‍ കൃത്യമായ പാതയിലൂടെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.
7. ഒട്ടേറെ ഉല്‍പ്പാദകര്‍ സജീവമല്ലാത്ത വൈറസിനെ നിര്‍മ്മിക്കുന്നതിനായി വേറോ സെല്‍ ടെക്‌നോളജി ഉപയോഗിച്ചു വരുന്നുണ്ട്. ഭാരത് ബയോടെകും ഇതേ പ്ലാറ്റ്‌ഫോം തന്നെയാണോ ഉപയോഗിക്കുന്നത്?
ഞങ്ങള്‍ അതേ പ്ലാറ്റ്‌ഫോം തന്നെയാണ് ഉപയോഗിക്കുന്നത്. വ്യത്യസ്തമായ ഒരു പ്ലാറ്റ്‌ഫോമാണ് ഞങ്ങള്‍ ഉപയോഗിക്കുന്നെതെങ്കില്‍ പിന്നെയും ഒട്ടേറെ നിയന്ത്രണ പ്രതിബന്ധങ്ങള്‍ ഉണ്ടാകും. ഞങ്ങള്‍ക്ക് രണ്ട് ഉല്‍പ്പന്നങ്ങളാണ് ഉള്ളത്. സെല്‍ കള്‍ച്ചറും, വൈറസും. അതിനാല്‍ രണ്ട് ഉല്‍പ്പന്നങ്ങളെ രൂപപ്പെടുത്തി എടുക്കേണ്ടതുണ്ട്. അത് വളരെ സങ്കീര്‍ണ്ണമാണ്. നിയന്ത്രണ സംവിധാനങ്ങളുടെ വീക്ഷണ കോണിലൂടെ നോക്കുമ്പോള്‍ വേറോ സെല്‍ ടെക്‌നോളജി തെളിയിക്കപ്പെട്ടു കഴിഞ്ഞ ഒരു പ്ലാറ്റ്‌ഫോമാണ്.
അത് മാത്രമല്ല, ഇതേ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച 7-8 പ്രതിരോധ മരുന്നുകള്‍ നിലവിലുള്ള, വേറോ സെല്‍ സാങ്കേതിക വിദ്യയിലെ ഏറ്റവും വലിയ വൈദഗ്ധ്യം ഉള്ള കമ്പനിയാണ് ഞങ്ങളുടേത്.
8. നിങ്ങള്‍ക്ക് ഈ പ്രതിരോധ മരുന്ന് പുറത്തിറക്കുവാന്‍ കഴിഞ്ഞാല്‍ ആഗോള തലത്തില്‍ വലിയ ആവശ്യമുണ്ടാകും. അപ്പോള്‍ നിങ്ങള്‍ എങ്ങനെയായിരിക്കും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക?
ഞങ്ങള്‍ തുടക്ക ഘട്ടത്തില്‍ മാത്രമാണ് ഉള്ളത് ഇപ്പോള്‍. അതായത് എങ്ങനെയാണ് വൈറസിനെ വളരാന്‍ വെയ്ക്കുക, എങ്ങനെയാണ് ജി എം പി ബാച്ചുകള്‍ ഉണ്ടാക്കുക, എങ്ങനെയാണ് വിഷ ചികിത്സ ചെയ്യുക, എങ്ങനെയാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുക എന്നീ ഘട്ടങ്ങളില്‍. സമാന്തരമായി തന്നെ ഉല്‍പ്പാദനം എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്നുള്ള കാര്യവും ഞങ്ങള്‍ പരിശോധിച്ചു വരികയാണ്.
ലോകത്ത് പേ വിഷത്തിനുള്ള പ്രതിരോധ മരുന്നായ റൊട്ടാവൈറസിന്‍റെ ഏറ്റവും വലിയ ഉല്‍പ്പാദകരാണ് ഞങ്ങള്‍. അതില്‍ നിന്നു തന്നെ ഞങ്ങള്‍ക്ക് അതിനുള്ള കഴിവുണ്ടെന്നും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുമെന്നും വളരെ വ്യക്തമാണ്. പക്ഷെ ഈ വൈറസിനെ സംബന്ധിച്ചിടത്തോളം അത് ഉറപ്പാക്കുവാന്‍ സമയമെടുക്കും.
9. സര്‍ക്കാരില്‍ നിന്നും ഏത് തരത്തിലുള്ള സഹായമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്? അതുപോലെ തന്നെ കൊവിഡ്-19 പകര്‍ച്ച വ്യാധിയുടെ കാര്യങ്ങള്‍ നോക്കി വരുന്ന ദേശീയ സ്ഥാപനങ്ങളില്‍ നിന്നും?
സര്‍ക്കാര്‍ വളരെ അധികം സജീവമാണ്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. സജീവമാക്കാത്ത ഈ പ്രതിരോധ മരുന്ന് പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് വികസിപ്പിക്കുന്നത്. ഉല്‍പ്പാദകര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് പരിമിതികളുണ്ട്. ഗവേഷണവും വികസനവും എളുപ്പമാണ്. പക്ഷെ ഒരു ഉല്‍പ്പന്നം ഞങ്ങള്‍ക്ക് നല്‍കിയേ പറ്റൂ. അതായത് സുരക്ഷയും ഫലവത്തതയും പ്രധാനമാണെന്ന് സാരം.
10. കൊവിഡിന്‍റെ നിരവധി വര്‍ഗ്ഗങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഓരോ വര്‍ഗ്ഗങ്ങള്‍ക്കും വ്യത്യസ്തമായ പ്രതിരോധ മരുന്ന് ആവശ്യമാണോ നമുക്ക്? അതോ എല്ലാ വര്‍ഗ്ഗങ്ങള്‍ക്കും കൂടി ഒരെണ്ണം മതിയോ?
എല്ലാ ആര്‍ എന്‍ എ (റിബോന്യൂക്ലീക് ആസിഡ്) വൈറസുകളും മ്യൂട്ടേഷനിലൂടെ അതിവേഗം മാറി കൊണ്ടിരിക്കും. അടിസ്ഥാനപരമായി ഒരു വൈറസ് ജീവനില്ലാത്ത ഒരു അണുജീവിയാണ്. അതിന് സ്വയം ഇരട്ടിക്കുവാന്‍ കഴിയുകയില്ല. അതിനാല്‍ അത് മനുഷ്യ ശരീരത്തില്‍ കടന്നു കൂടി ആ വ്യവസ്ഥയെ ഇരട്ടിക്കുവാന്‍ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഒരു ജീവനില്ലാത്ത സൂക്ഷ്മാണു മനുഷ്യ ശരീരത്തെ ഉപയോഗിക്കുവാന്‍ തുടങ്ങിയാല്‍ നിലനില്‍പ്പിനായി അത് വ്യത്യസ്ത ആതിഥേയ ശരീരങ്ങളില്‍ വ്യത്യസ്ത രീതികള്‍ അവലംബിക്കും. ശ്വാസകോശത്തിന്‍റെ റിസപ്റ്ററിലേക്ക് അള്ളിപിടിച്ചു കിടക്കുന്നു കോവിഡ്-19 ജീന്‍ എന്നുള്ളത് പ്രധാനമാണ്. മറ്റ് സ്‌പൈക്കുകളില്‍ മ്യൂട്ടേഷന്‍ സംഭവിക്കാമെങ്കിലും ഇക്കാര്യത്തില്‍ ഉണ്ടാവുകയില്ല.
അതിനാല്‍ ഈ ശരീര ഭാഗത്ത് മ്യൂട്ടേഷന്‍ സംഭവിക്കുകയാണെങ്കില്‍ നമുക്ക് മറ്റൊരു തരത്തിലുള്ള പ്രതിരോധ മരുന്ന് ആവശ്യമായി വരും. പക്ഷെ ഇന്ന് നമ്മള്‍ കണ്ടു വരുന്നതു പോലെ ഈ ഒരു മേഖല ഏറെ മാറുവാനുള്ള സാധ്യത ഇല്ല.
11. പ്രതിരോധ മരുന്നിന് പേറ്റന്റ് നേടിയെടുക്കുന്ന കാര്യം വരുമ്പോള്‍ഭാരത് ബയോടെക് ആ ഘടകത്തെ എങ്ങനെയാണ് നോക്കി കാണുന്നത്?
ഉല്‍പ്പാദകര്‍ എന്ന കാരണം കൊണ്ടു തന്നെ ഞങ്ങള്‍ക്ക് പേറ്റന്‍റിന് അപേക്ഷ നല്‍കേണ്ടതുണ്ട്. പ്രതിരോധം എന്നുള്ള നിലയില്‍ എനിക്ക് ഒരു പേറ്റന്‍റ് അപേക്ഷ നല്‍കിയേ തീരൂ. അതുവഴി ഇതാ ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നേ ചെയ്തു കഴിഞ്ഞു എന്ന് മറ്റ് ഉല്‍പ്പാദകര്‍ക്ക് കാട്ടി കൊടുക്കുവാന്‍ കഴിയും. അതൊരു തന്ത്രപരമായ കളിയാണ്. ഞാന്‍ പേറ്റന്‍റ് ലംഘിച്ചിരിക്കുന്നു എന്ന് ഏതെങ്കിലും ബഹുരാഷ്ട്ര കമ്പനികള്‍ വന്ന് എന്നോട് പറയുന്ന ഒരു സാഹചര്യം ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് ആഗോള തലത്തില്‍ ഞങ്ങള്‍ക്ക് 160 പേറ്റന്‍റുകള്‍ ഇപ്പോൾ തന്നെ ഉള്ളത്.
12. ഇനി വിലയുടെ കാര്യമെടുക്കാം. വന്‍ തോതില്‍ ജനങ്ങളിലേക്ക് ഈ മരുന്ന് എത്തിക്കുമ്പോള്‍ അത് സാധാരണക്കാരന് കൂടി താങ്ങാന്‍ കഴിയുന്നതാകേണ്ടതില്ലേ?
റൊട്ടാവൈറസ് വാക്‌സിന്‍ യു എസ്സില്‍ 65 ഡോളറിനും യൂറോപ്പില്‍ 80 ഡോളറിനുമാണ് വില്‍ക്കുന്നത്. ഡോസ് ഒന്നിന് ഒരു ഡോളര്‍ എന്ന നിരക്കില്‍ ഇത് ഞങ്ങള്‍ വില്‍ക്കുമെന്നാണ് പ്രധാനമന്ത്രിയോട് ഞങ്ങള്‍ പറഞ്ഞിട്ടുള്ളത്. ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ വില്‍ക്കുന്നവരായി മാറും ഞങ്ങള്‍. കൊവിഡ്-19ന്‍റെ പ്രതിരോധ മരുന്നിന്‍റെ കാര്യം വരുമ്പോള്‍ ഞങ്ങള്‍ ചൈനക്കാരേക്കാള്‍ പത്തിരട്ടി വില കുറച്ച് വില്‍ക്കുന്നവരായിരിക്കും.
ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ഞങ്ങള്‍ സര്‍ക്കാരില്‍ നിന്നും പണമൊന്നും വാങ്ങിയിട്ടില്ല. രാജ്യം ഏറെ കഷ്ടതകളിലൂടെ പോയികൊണ്ടിരിക്കുന്ന വേളയില്‍ ആ വ്യവസ്ഥയെ മുതലെടുക്കാന്‍ പാടില്ല എന്നുള്ളതു കൊണ്ടാണ് ഞാന്‍ പണമൊന്നും വാങ്ങാത്തതിനുള്ള ഏക കാരണം.
ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നുള്ളതാണ് അതില്‍ കൂടുതല്‍ പ്രധാനമായ കാര്യം. അതുപോലെ ഈ സാങ്കേതിക വിദ്യ ഫലപ്രദമാക്കുകയും ഇതെല്ലാം ഞങ്ങളുടെ പ്രതിഞ്ജാബദ്ധതയെ കാട്ടി തരുന്നു.
13. ഇത് ഒരു അസാധാരണമായ സമയമായതിനാല്‍ നിങ്ങളുടെ ജീവനക്കാരെ അത് മനസ്സിലാക്കിപ്പിക്കുവാന്‍ എത്രത്തോളം പ്രയാസപ്പെടുന്നുണ്ട് താങ്കള്‍?
കഴിഞ്ഞ രണ്ട് മാസങ്ങള്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ശരിക്കും എല്ലാ സീമകളും ലംഘിക്കുന്ന പോലുള്ള കഠിന പ്രയത്‌നമായിരുന്നു. ചൈനയേയും മറ്റുള്ളവരേയും എങ്ങനെ ഓടി തോല്‍പ്പിക്കാം എന്നായിരുന്നു ചിന്ത. നാല് മാസത്തോളം വൈകി എന്നുള്ളതിനാല്‍ ശരിക്കും അത് അതിഭീമമായ സമ്മര്‍ദ്ദമായിരുന്നു ഏല്‍പ്പിച്ചിരുന്നത്.
എന്‍റെ ജീവനക്കാര്‍ പ്രവര്‍ത്തിക്കേണ്ടിയിരുന്നത് ബി എസ് എല്‍-3 കണ്ടെയ്‌ന്മെന്‍റിലായിരുന്നു എന്ന് ഓര്‍ക്കണം. ഞാന്‍ എന്‍റെ ജീവനക്കാരോട് കടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് മാസമായി അവര്‍ അവരുടെ കുടുംബാംഗങ്ങളെ കണ്ടിട്ടുപോലുമില്ല. അവര്‍ പ്രവര്‍ത്തിക്കുന്നത് വൈറസിന്‍റെ മേഖലയിലാണ്. അവര്‍ക്കൊന്നും കുടുംബത്തിലേക്ക് പോകാന്‍ കഴിയുകയില്ല.
ഘട്ടം-1 ആരംഭിക്കുമ്പോഴേക്കും ഞങ്ങള്‍ അവര്‍ക്ക് പ്രതിരോധ മരുന്ന് നല്‍കും. അതുകൊണ്ട് അവര്‍ ഇപ്പോള്‍ സുരക്ഷിതരാണ്. ഞങ്ങള്‍ക്കും ഈ രാജ്യത്തിനും തന്നെ ഒരു വരദാനമാണ് ഞങ്ങളുടെ ജീവനക്കാര്‍ എന്ന് ഞാന്‍ കരുതുന്നു.
14. ലോകത്ത് നിന്നും ഈ വൈറസ് എന്ന് വിട്ടു പോവുന്നത് നമുക്ക് കാണാന്‍ കഴിയും? വന്‍ തോതിലുള്ള ജനങ്ങളെ പ്രതിരോധ മരുന്ന് നല്‍കി സംരക്ഷിക്കുവാന്‍ ഏറെ സമയമെടുക്കില്ലേ? നമ്മള്‍ നേരിട്ടു കൊണ്ടിരിക്കുന്ന വലിയൊരു വ്യവസ്ഥാ വെല്ലുവിളി എത്രത്തോളമുണ്ട്?
അടുത്ത വര്‍ഷത്തോടെ 130 കോടി ജനങ്ങളെ പ്രതിരോധ മരുന്ന് നല്‍കി സംരക്ഷിക്കുവാന്‍ നമുക്ക് കഴിയും. സര്‍ക്കാര്‍ ഈ പ്രക്രിയക്ക് തുടക്കം കുറിച്ച് മുന്നില്‍ നിന്നാല്‍ അത് സംഭവിക്കുക തന്നെ ചെയ്യും.