ന്യൂഡല്‍ഹി: കിഴക്കൻ ലഡാക്കില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികരണവുമായി ഇന്ത്യ. നിലവിലെ സ്ഥിതിഗതികള്‍ താറുമാറാക്കാന്‍ ഏകപക്ഷീയമായി ചൈന നടത്തിയ ശ്രമമാണ് തിങ്കളാഴ്‌ച ഗല്‍വാൻ താഴ്‌വരയിലുണ്ടായ സംഘര്‍ഷമെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ ചൈന ലംഘിച്ചെന്ന് വിദേശ കാര്യ മന്ത്രാലയം വിമര്‍ശിച്ചു. നിയന്ത്രണ രേഖ മറികടക്കാന്‍ ചൈന ശ്രമിച്ചെന്നും ഇത് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.
ലഡാക്കിലെ സംഘര്‍ഷാവസ്ഥ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക തല, നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ജൂണ്‍ ആറിന് നടത്തിയ സൈനിക തല ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാമെന്ന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍ ഈ ധാരണയാണ് ചൈന ലംഘിച്ചതെന്ന് പ്രസ്‌താവനയില്‍ പറയുന്നു.
സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുഭാഗങ്ങളിലും ആള്‍നാശം സംഭവിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു. സംഘര്‍ഷാവസ്ഥ സമാധാനപരമായി പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യ ഒരിക്കലും നിയന്ത്രണ രേഖ കടക്കില്ല. അതിര്‍ത്തിക്കുള്ളില്‍ നിന്നുകൊണ്ടുള്ള നടപടികളാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഈ ധാരണ ചൈനയും മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതിർത്തി പ്രദേശങ്ങളിൽ ശാന്തിയും സമാധാനവും നിലനിർത്തേണ്ടത് ആവശ്യകതയെക്കുറിച്ച് ഇന്ത്യക്ക് ബോധ്യമുണ്ട്. ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരം കണ്ടെത്തണമെന്നും ഇന്ത്യ ആവര്‍ത്തിച്ചു. അതേസമയം ഇന്ത്യയുടെ പരമാധികാരവും പ്രദേശിക സമഗ്രതയും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു.
ഗല്‍വാൻ താഴ്‌വരയില്‍ തിങ്കളാഴ്‌ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ഒരു കേണല്‍ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ സൈനികരാണ് വീരമ്യുത്യു വരിച്ചത്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി വൈകുന്നേരം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്‍റെ വസതിയിൽ യോഗം ചേർന്നു. വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ, സംയുക്ത സേനാത്തലവന്‍ ജനറല്‍ ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ എം.എം നരവാനെ എന്നിവർ യോഗത്തില്‍ പങ്കെടുത്തു. 1975ന് ശേഷം ഇന്ത്യ-ചൈന സംഘർഷത്തിൽ സൈനികരുടെ ജീവൻ നഷ്‌ടപ്പെടുന്നത് ഇതാദ്യമായാണ്.