അഹമ്മദാബാദ്: കൈക്കൂലി വാങ്ങിയ ബിജെപി നേതാവിന് സസ്പെന്‍ഷന്‍. ഇസന്‍പൂരിലെ പ്രാദേശികനേതാവ് പുല്‍കിത് വ്യാസാണ് കെട്ടിട നിര്‍മ്മാതാവിന്‍റെ കയ്യില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പാര്‍ട്ടി നടപടിയെടുത്തത്. പുല്‍കിത്തിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി അഹമ്മദാബാദിലെ ബിജെപി നേതാവായ ജഗ്‌ദീഷ് പഞ്ചല്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ സംസാരിച്ച് പരിഹാരമുണ്ടാക്കാമെന്ന് വാഗ്‌ദാനം നല്‍കിയാണ് പുല്‍കിത് പണം ആവശ്യപ്പെട്ടത്. നിലവില്‍ മുനിസിപ്പാലിറ്റി ഭരിക്കുന്നത് ബിജെപിയാണ്. പിന്നീട് അയ്യായിരം രൂപകൂടി നല്‍കണമെന്ന് പുല്‍കിത് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.