ന്യൂഡൽഹി: ഒരേസമയം 22 ഭാഷകളിൽ സംസാരിച്ച് ഉപരാഷ്ട്രപതി വെങ്കയ്യാ നായഡു. അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് 22 ഇന്ത്യൻ ഭാഷകളിൽ നായിഡു സംസാരിച്ചത്. ഇന്ത്യൻ ഭാഷകൾ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം വ്യക്തമാക്കിയ നായിഡു മാതൃഭാഷ സംരക്ഷിക്കുകയും മറ്റ് ഭാഷകൾ പഠിക്കാൻ ശ്രമിക്കുകയും ചെയ്യണമെന്ന് പറഞ്ഞു.
മാതൃഭാഷകൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നതെന്നും അതിനായി ഒരു ദേശീയ പ്രസ്ഥാനം സജ്ജമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ജോലികളിൽ നിയമിക്കുന്നതിന് ഒരു നിശ്ചിത തലം വരെ ഇന്ത്യൻ ഭാഷകളെക്കുറിച്ചുള്ള അറിവ് നിർബന്ധമാക്കുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. സമഗ്രവികസനത്തിനും വളർച്ചയ്ക്കും ഭാഷ ഒരു ഉത്തേജകമായി മാറണമെന്ന് പ്രസ്താവിച്ച നായിഡു, പ്രാദേശിക ഭാഷയെ ഭരണഭാഷയായി ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകതയും വ്യക്തമാക്കി.