ന്യൂഡല്‍ഹി: കേരളത്തിലെ രണ്ട് പ്രമുഖ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് അഭിപ്രായം പ്രകടിപ്പിക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രി ഭരണഘടന വായിക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും വി.മുരളീധരന്‍ ആവര്‍ത്തിച്ചു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുവെന്ന കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു വി.മുരളീധരന്‍റെ പ്രസ്‌താവന.
കലാപം റിപ്പോര്‍ട്ട് ചെയ്‌തതിന് മാത്രമല്ല കേബിള്‍ ട്രാന്‍സ്‌മിഷന്‍ ആന്‍റ് പ്രക്ഷേപണ നിയമലംഘനത്തിനും കൂടിയാണ് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദി സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുവെന്നും അടിയന്താരവസ്ഥയില്‍ മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചതിന് ജയിലില്‍ പോയവരാണ് തങ്ങളെന്നും മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ബി.ജെ.പി ആഗ്രഹിക്കുന്നില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. നിയമം ലംഘിക്കപ്പെട്ടാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ വ്യക്തമാക്കി. മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്‌തതിന് കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് മലയാളം വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റിനും മീഡിയവണിനും കേന്ദ്രം 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയത്.