ആഗ്ര: പെൺ കുഞ്ഞിന് ജന്മം നൽകി മൂന്ന് ദിവസത്തിന് ശേഷം വനിതാ കോൺസ്റ്റബിൾ കൊവിഡ് ബാധിച്ച് മരിച്ചു. കാൺപൂർ ജില്ലയിലെ ബിൽഹോർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ആയ 27 കാരി ഏപ്രിൽ ഒന്നിനാണ് പ്രസവാവധിക്കായി ഈശ്വർ നഗറിലുള്ള ഭർത്താവിന്‍റെ വീട്ടിൽ നിന്ന് ആശുപത്രിയിലെത്തിയത്.
പെൺകുഞ്ഞിന് ജന്മം നൽകി മെയ് രണ്ടിന് ഇവർ ലേഡി ലിയാൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. അതേ ദിവസം തന്നെ ഇവരുടെ സാമ്പിളുകൾ കൊവിഡ് പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു. തുടർന്ന് വീട്ടിലെത്തി ബുധനാഴ്ച രാവിലെ, ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിട്ട ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ പ്രവേശനം ലഭിച്ചില്ല. തുടർന്ന് ഉച്ചയോടെ ഇവർ മരിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ ഭർത്താവിന്‍റെ വീട്ടുകാരെ അറിയിക്കുകയായിരുന്നു.
സ്വകാര്യ ഫിനാൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന ആളാണ് ഇരുടെ ഭർത്താവ്. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് യുവതിയുടെ മൃതദേഹം കാറിനുള്ളിൽ സൂക്ഷിച്ചിരിക്കുകയാണ്. ആരോഗ്യ പ്രവർത്തകർ എത്തിയാണ് മൃതദേഹം മാറ്റുക. മരിച്ച യുവതിയുടെ ഭർത്താവ്, കുഞ്ഞ്, അമ്മായിയമ്മ എന്നിവരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു. ഇവരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. യുവതി താമസിച്ചിരുന്ന പ്രദേശത്ത് ശുചീകരണം ആരംഭിച്ചു.