ലഖ്‌നൗ: ഔറയ്യയിലുണ്ടായ റോഡപകടത്തിൽ അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. മുഖ്യമന്ത്രി രാജിവെക്കണമെന്നും അതിഥി തൊഴിലാളികളെ സർക്കാർ അവഗണിക്കുകയാണെന്നും യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു പറഞ്ഞു. യുപി സർക്കാർ അതിഥി തൊഴിലാളികൾക്ക് തിരികെ പോകാനായി വാഗ്‌ദാനം നൽകിയ ബസുകൾ എവിടെപ്പോയെന്നും അജയ് കുമാർ ലല്ലു ബിജെപിയോട് ചോദിച്ചു. അതിഥി തൊഴിലാളികള്‍ അപകടത്തില്‍ മരിച്ച സംഭവം വളരെ വേദനാജനകമാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്‌ച പുലർച്ചെ 3.30ന് ഔറയ്യയിലുണ്ടായ റോഡപകടത്തിൽ 24 അതിഥി തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. 36 തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. തൊഴിലാളികളിൽ ഭൂരിഭാഗവും ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സ്വദേശികളാണ്. അതിഥി തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. ട്രക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.