ഗസ്നി: താലിബാൻ നിയന്ത്രണത്തിലുള്ള പ്രദേശത്ത് തകർന്നു വീണ ഇ -11 എ വിമാനത്തിൽ നിന്നും കൊല്ലപ്പെട്ട ജീവനക്കാരുടെ മൃതദേഹാവശിഷ്ടങ്ങൾ യുഎസ് കണ്ടെടുത്തു. സൈനിക ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ബോംബാർഡിയർ ഇ -11 എ വിമാനം തിങ്കളാഴ്ച ഉച്ചക്കാണ് കിഴക്കൻ അഫ്ഗാനിസ്ഥാനിൽ തകർന്ന് വീണത്.
യുഎസിന്‍റെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധനകൾ നടത്തിയതായും എല്ലാ സഹായങ്ങളും ഗസ്നി സുരക്ഷാ സേന നൽകിയതായും ഗസ്നി പൊലീസ് മേധാവി ഖാലിദ് വാർദക് പറഞ്ഞു. മൃതദേഹങ്ങൾ നീക്കം ചെയ്തതിനുശേഷം സുരക്ഷാ സേന തിരിച്ച് പോന്നതായും മരിച്ചവരുടെ മൃതദേഹങ്ങൾ എവിടെക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമല്ലെന്നും വാർദക് കൂട്ടിച്ചേർത്തു.
സംഭവസ്ഥലത്ത് നിന്ന് രണ്ട് മൃതദേഹങ്ങളെങ്കിലും അമേരിക്കൻ സൈന്യം കണ്ടെത്തിയിട്ടുണ്ടെന്ന് ഗസ്നിയിലെ പ്രൊവിൻഷ്യൽ കൗൺസിൽ മേധാവി നാസിർ അഹ്മദ് ഫാക്കിരി പറഞ്ഞു. വിമാനം യുഎസ് സേനയുടേതാണെന്ന് പെന്‍റഗൺ സ്ഥിരീകരിച്ചെങ്കിലും വിമാനം തകർത്തത് താലിബാനാണെന്നതിൽ സ്ഥിരീകരണമില്ല. എന്നാൽ സംഭവത്തെക്കുറച്ച് യുഎസ് പ്രതികരണം അറിയിച്ചിട്ടില്ല.