ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച നടപടിയില്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി യു.പി സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ നടപടി അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദ് ചെയ്തിരുന്നു. സമരത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളുമുള്ള ബോര്‍ഡ് ജില്ലാഭരണകൂടമാണ് സ്ഥാപിച്ചത്. സര്‍ക്കാര്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ പിന്‍വലിക്കണമെന്ന് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. ജസ്റ്റിസുമാരായ യു.യു. ലളിതും അനിരുദ്ധ ബോസുമാണ് ഹര്‍ജി പരിഗണിക്കുക.
ബോര്‍ഡുകള്‍ വ്യക്തിഹത്യയാണെന്നും സ്വകാര്യതയെ തകര്‍ക്കുന്നതാണെന്നുമാണ് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. കേസ് അടുത്ത മാസം 16ന് വീണ്ടും പരിഗണിക്കും. ഇതിന് മുന്‍പ് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ജില്ലാ മജിസ്ട്രേറ്റിനോടും പൊലീസ് കമ്മിഷണറോടും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂരിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ പ്രതികരിച്ചത്. നടപടിയില്‍ വിശദീകരണം നല്‍കാന്‍ ജില്ലാ മജിസ്ട്രറ്റിനോടും പൊലീസ് കമ്മിഷണറോടും കോടതി ആവശ്യപ്പെട്ടിരുന്നു. ബോഡില്‍ സി.എ.എ പ്രതിഷേധക്കാരുടെ പേരും മറ്റ് വിവരങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. മാത്രമല്ല പൊതുമുതല്‍ നശിപ്പിച്ചതിന് ഇവരില്‍ നിന്നും പിഴ ഈടാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നിശ്ചിത സമയത്തിനകം പണം അടച്ചില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.