ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖ്‌നൗ നഗരത്തിൽ നടക്കുന്ന പ്രതിരോധ എക്‌സ്‌പോയോടനുബന്ധിച്ച് മരങ്ങൾ വെട്ടിമാറ്റില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ ഉറപ്പ് നൽകി. ഡിഫൻസ് എക്സ്പോയ്ക്കായി 64,000 മരങ്ങൾ മുറിക്കാനുള്ള അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച അപേക്ഷക്കെതിരെ പരിസ്ഥിതി പ്രവർത്തകനായ ബാർസ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഭാവിയിൽ പൊതു പരിപാടികൾക്കായി മരങ്ങൾ മുറിക്കാതിരിക്കാൻ നയങ്ങൾ രൂപീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നും പരാതിക്കാരൻ സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. നിർദിഷ്ട പദ്ധതിക്കായി മരങ്ങൾ വെട്ടിമാറ്റില്ലെന്ന് സർക്കാർ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു.
ലഖ്‌നൗവിൽ നടക്കുന്ന ഡിഫൻസ് എക്‌സ്‌പോയ്ക്കുള്ള പ്രതിരോധ ഉപകരണങ്ങൾ പ്രദർശിപ്പിക്കുന്നതിനായി ഹനുമാൻ സേതു മുതൽ ഗോംതി നദിയുടെ തീരത്തുള്ള നിഷത്ഗഞ്ച് വരെയുള്ള 64,000 മരങ്ങൾ മാറ്റാൻ അനുവാദം തേടികൊണ്ടുള്ള അപേക്ഷ സംസ്ഥാന സർക്കാർ സുപ്രീം കോടതിക്ക് സമർപ്പിച്ചിരുന്നു. ഡിഫൻസ് എക്സ്പോ കഴിഞ്ഞാൽ ഗോംതി നദിയുടെ തീരത്ത് പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും നിർദ്ദേശമുണ്ടായിരുന്നു.