ലഖ്‌നൗ: യുപിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ 15കാരിയായ പെൺകുട്ടിയെ വീട്ടിൽ കസ്റ്റഡിയിൽ തുടരും. റെയിൽവേ മെഡിക്കൽ ഓഫീസർ വനിതാ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ വസതിയിൽ വിന്യസിച്ചിട്ടുണ്ട്. കടുത്ത വിഷാദവും ഭ്രമാത്മകതയും ബാധിച്ച പെൺകുട്ടിയെ ഹാജരാക്കിയ ജുവനൈൽ കോടതി മെഡിക്കൽ മേൽനോട്ടത്തിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി വിധിക്കുകയായിരുന്നു.
കസ്റ്റഡിയിലാണെങ്കിലും വീട്ടിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് അപേക്ഷ സമർപ്പിച്ചു. തുടർന്ന് ബാല മനോരോഗവിദഗ്ദ്ധരുടെ പരിശോധനയ്ക്കായി പെൺകുട്ടിയെ കെജിഎംയുവിലേക്ക് കൊണ്ടുപോയി.
47 വയസുള്ള അമ്മയെയും 17 വയസുള്ള സഹോദരനെയും ഉറങ്ങിക്കിടക്കുന്നതിനിടെ പെൺകുട്ടി വെടിവച്ചു കൊല്ലുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം. രണ്ടുപേരെയും വെടിവച്ചതായി പെൺകുട്ടി സമ്മതിച്ചതായാണ് റിപ്പോർട്ട്. റേസർ ഉപയോഗിച്ച് സ്വന്തം കൈകളിൽ നിരവധി മുറിവുകളും പെൺകുട്ടി വരുത്തിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പെരുമാറ്റ രീതി മനസ്സിലാക്കാൻ പൊലീസ് ഉദ്യോഗസ്ഥർ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടർമാരെയും വിദഗ്ധരെയും സമീപിച്ചിട്ടുണ്ട്.