ലഖ്‌നൗ: കൊവിഡിനെ കൂടുതൽ ഫലപ്രദമായി നേരിടുന്നതിനുള്ള പ്രവർത്തന പദ്ധതി തയ്യാറാക്കാൻ ജില്ലാ മജിസ്‌ട്രേറ്റ്, ചീഫ് മെഡിക്കൽ ഓഫീസർമാർ, ചീഫ് ഡെവലപ്‌മെന്‍റ് ഓഫീസർമാർ എന്നിവരടങ്ങുന്ന ജില്ലാതല പാനൽ രൂപീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൗതം ബുദ്ധ നഗർ, ബുലന്ദശഹർ, ഹാപൂർ, ഗാസിയാബാദ്, മീററ്റ്, മുസാഫർനഗർ, ഷാംലി, സഹാറൻപൂർ എന്നിവിടങ്ങൾ സന്ദർശിച്ച് കൊവിഡ് പ്രവർത്തനം വിലയിരുത്താൻ അദ്ദേഹം മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ടെലിമെഡിസിൻ സൗകര്യം കൂടുതൽ ശക്തിപ്പെടുത്താൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ച ആദിത്യനാഥ്, ടെലിമെഡിസിനെക്കുറിച്ച് ശരിയായ പ്രചരണം ഉറപ്പുവരുത്താൻ നിർദ്ദേശിച്ചു. അതിലൂടെ കൂടുതൽ ആളുകൾക്ക് അവരുടെ വീടുകളിൽ നിന്ന് മെഡിക്കൽ കൺസൾട്ടേഷൻ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡും അതിന്‍റെ നിരീക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ശരിയായി നടത്തുന്നതിന് എല്ലാ ജില്ലയിലും സംയോജിത കമാൻഡ് ആൻഡ് കൺട്രോൾ സെന്‍റർ സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തസമയത്ത് ജീവൻ രക്ഷിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് പറഞ്ഞ യോഗി ആദിത്യനാഥ്, മോശം കാലാവസ്ഥയിൽ നിന്നും മിന്നലിൽ നിന്നും സാധാരണക്കാരെ രക്ഷിക്കുന്നതിനായി സംയോജിത മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞു.