ന്യൂഡല്‍ഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരേ സുപ്രീം കോടതിയില്‍ ഹർജി നല്‍കിയ സാഹചര്യത്തില്‍ കേന്ദ്ര സർക്കാന്‍ സുപ്രീം കോടതിയില്‍ വിശദമായ സത്യവാങ്ങ്മൂലം സമർപ്പിച്ചു. ഒരു താല്‍ക്കാലിക വ്യവസ്ഥ മാത്രമായിട്ടും ആർട്ടിക്കിൾ 370 ഏഴ് പതിറ്റാണ്ടിലേ നിലനിന്നതായി കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. പ്രത്യേക പദവി കാരണം താഴ്വരയിലെ ജനങ്ങൾക്ക് രാജ്യത്തെ നിയമവ്യവസ്ഥയുടെയും ഭരണഘടനാ ഭേദഗതികളുടെയും ഗുണഫലങ്ങളും ലഭിക്കാതെ പോയെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. പ്രത്യേക പദവി രാജ്യത്തിന്‍റെ അഖണ്ഡതക്ക് പരുക്കേല്‍പിച്ചെന്നും കേന്ദ്രം നല്‍കിയ അഫിഡവിറ്റില്‍ പറയുന്നു.
തീവ്രവാദികളും വിഘടന വാദികളും വിരോധികളായ വിദേശ ശക്തികളുടെ സഹായത്തോടെ ഈ സാഹചര്യത്തെ മുതലെടുത്തു. സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ അഭിപ്രായഭിന്നത, അസംതൃപ്തി, വിഘടനവാദ വികാരങ്ങൾ എന്നിവ വിതച്ചു. ഇതേ തുടർന്നാണ് പ്രത്യേക പദവി റദ്ദാക്കാന്‍ രാജ്യ താല്‍പര്യത്തിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനം എടുത്തത്. വിരോധികളായ വിദേശ ശക്തികൾ അതിർത്തി കടന്ന് ഈ സാഹചര്യത്തെ മുതലടുത്തുവെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. പ്രത്യേക പദവി നല്‍കിയതിനെ തുടർന്ന് താഴ്വരയിലെ സാമ്പത്തിക മേഖലയിലെ വികസനവും വഴിമുട്ടി. രാജ്യത്തിന്‍റെ വലിയ തോതിലുള്ള പിന്തുണ ഉണ്ടായിട്ടും വികസന രംഗത്ത് മുമ്പത്തെ ജമ്മു കശ്മീർ പിന്നോട്ട് പോയെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. കഴിഞ്ഞ ഓഗസ്‌റ്റ് മാസത്തിലാണ് കേന്ദ്രം ആർട്ടിക്കിൾ 370 റദ്ദാക്കിയത്. ഇതേ തുടർന്ന് സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നീ പേരുകളില്‍ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. ഇതേ തുടർന്ന് രാജ്യത്തെ മൊത്തം സംസ്ഥാനങ്ങളുടെ എണ്ണം 28ല്‍ നിന്നും 29 ആയി ഉയർന്നു.