ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടിവ് ബോര്‍ഡ് ചെയര്‍മാനായി ചുമതലയേല്‍ക്കും. മെയ് 22 നടക്കുന്ന എക്‌സിക്യൂട്ടിവ് യോഗത്തിലാണ് അദ്ദേഹം അധികാരമേല്‍ക്കുന്നത്. മൂന്ന് വര്‍ഷത്തേക്ക് തെരഞ്ഞെടുക്കുന്ന എക്‌സിക്യൂട്ടിവ് ബോര്‍ഡില്‍ 34 അംഗങ്ങളാണ് ഉണ്ടാവുക. ഡബ്ല്യൂഎച്ച്ഒയുടെ നയങ്ങള്‍ നടപ്പിലാക്കുകയും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയുമാണ് ബോര്‍ഡിന്‍റെ ചുമതല. ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയുടെ 73-ാമത് സമ്മേളനത്തില്‍ തിങ്കളാഴ്‌ച ആരോഗ്യമന്ത്രി പങ്കെടുത്തിരുന്നു.
കൊവിഡ് പോരാട്ടത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിക്കുകയും കൊവിഡ് മൂലം ആഗോളതലത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ടവര്‍ക്ക് ആരോഗ്യമന്ത്രി ആദരാജ്ഞലി അര്‍പ്പിക്കുകയും ചെയ്‌തു. പ്രധാനമന്ത്രി സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വേണ്ട നടപടികള്‍ യഥാക്രമം സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡ് സാഹചര്യത്തില്‍ 123 രാജ്യങ്ങള്‍ക്ക് ഇന്ത്യ അവശ്യമരുന്നുകളും മെഡിക്കല്‍ സാമഗ്രികളും വിതരണം ചെയ്‌തുവെന്നും മഹാമാരിക്കെതിരെ ഒരുമിച്ച് പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകാരോഗ്യ സംഘടന ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ് അദെനോം ഗബ്രിയേസസ് തീരുമാനത്തെ സ്വാഗതം ചെയ്‌തു.