കൊൽക്കത്ത: കൊവിഡ് ബാധിക്കാൻ സാധ്യതയുള്ള കണ്ടെയ്‌ന്‍മെന്‍റ് സോണിൽ വിന്യസിച്ചുവെന്ന് ആരോപിച്ച് പൊലീസ് കോംബാറ്റ് ഫോഴ്‌സിലെ അഞ്ഞൂറോളം ഉദ്യോഗസ്ഥർ പ്രതിഷേധ പ്രകടനം നടത്തി. ആചാര്യ ജഗദീഷ് ചന്ദ്രബോസ് റോഡിലുള്ള പൊലീസ് ട്രെയിനിങ് സ്‌കൂൾ സമുച്ചയത്തിലാണ് പൊലീസ് പ്രകടനം നടത്തിയത്. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് തസ്‌തികയിലുള്ള നെവേന്ദ്ര സിംഗ് പോളിന്‍റെ വാഹനം ഖരോവോ ചെയ്‌തു.
ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലാണ് തങ്ങൾ ഡ്യൂട്ടിക്ക് പോകുന്നതെന്നും ഇതിനകം പല ഉദ്യോഗസ്ഥരും രോഗബാധിതരായെന്നും ഇത് തുടരാനാവില്ലെന്നും കോംബാറ്റ് ഫോഴ്‌സിലെ പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവത്തിലെ വസ്‌തുതകൾ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രി മമത ബാനർജി സ്ഥലം സന്ദർശിക്കുകയും പ്രക്ഷോഭം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ ആവശ്യങ്ങൾ പരിശോധിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തിരുന്നു.