ന്യൂഡല്‍ഹി: അധോലോക കുറ്റവാളി രവി പൂജാരി ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റിലായെന്നും ഇന്ത്യക്ക് കൈമാറാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും റിപ്പോര്‍ട്ട്. അധോലോക കുറ്റവാളിയായ ഛോട്ടാ രാജനൊപ്പം പ്രവര്‍ത്തിച്ചിരുന്ന രവി പൂജാരി പിന്നീട് ഇയാളുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് സെനഗലില്‍ ജയിലിലായ ഇയാൾ ജാമ്യത്തിലിറങ്ങുകയും ദക്ഷിണാഫ്രിക്കയിലേക്ക് കടന്നു. ദക്ഷിണാഫ്രിക്കയില്‍ മയക്കുമരുന്ന് കടത്തുമായി പ്രവര്‍ത്തിച്ചിരുന്ന രവി പൂജാരി, ആന്‍റണി ഫെര്‍ണാണ്ടസ് എന്ന വ്യാജപേരില്‍ ആഫ്രിക്കയിലെ ഒരു വിദൂര ഗ്രാമത്തിലായിരുന്നു താമസിച്ചിരുന്നതെന്നാണ് ഇന്ത്യന്‍ ഇന്‍റലിജന്‍സ് നല്‍കുന്ന സൂചന. ആഫ്രിക്കന്‍ രാജ്യമായ ബര്‍ക്കിനാ ഫാസോയിലെ പാസ്‌പോര്‍ട്ട് ഇയാളുടെ പക്കലുണ്ടെന്നാണ് വിവരം. പൂജാരിയുടെ അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ദക്ഷിണാഫ്രിക്കയിലെ ഏജന്‍സികളുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
52കാരനായ ഇയാളുടെ പേരില്‍ കൊലപാതകം, കൊള്ളയടിക്കല്‍ എന്നിവയുൾപ്പെടെ 200ലധികം കേസുകളാണുള്ളത്. 2000ത്തിന്‍റെ തുടക്കത്തിലായിരുന്നു ബോളിവുഡ് താരങ്ങളില്‍ നിന്നും നിർമാതാക്കളിൽ നിന്നും വൻതോതിൽ പണം തട്ടിയെടുത്ത കേസുകളിലൂടെ രവി പൂജാരി ശ്രദ്ധാകേന്ദ്രമാകുന്നത്. മുംബൈയിലെ ഒരു പ്രമുഖ അഭിഭാഷകനെതിരെ നടന്ന കൊലപാതകശ്രമത്തിലും ഇയാൾ പങ്കാളിയായിരുന്നു.