വാഷിംഗ്‌ടണ്‍: അസമിലുണ്ടായ പ്രളയത്തെ നേരിടാന്‍ ആവശ്യമെങ്കില്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് യുഎന്‍. സെക്രട്ടറി ജനറലിന്‍റെ വക്താവ് സ്റ്റീഫന്‍ ദുജ്ജാറികാണ് പിന്തുണ അറിയിച്ചത്. മണ്‍സൂണ്‍ മഴയോടനുബന്ധിച്ചുണ്ടായ പ്രളയത്തില്‍ അസമിലും നേപ്പാളിലുമായി നാലു മില്ല്യണിനടുത്ത് ആളുകളാണ് കുടിയൊഴിക്കപ്പെട്ടത്. 189 പേര്‍ ഇതുവരെ പ്രളയത്തില്‍ മരിച്ചെന്നും ആവശ്യമെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ പിന്തുണക്കാന്‍ യുഎന്‍ തയ്യാറാണെന്നും സ്റ്റീഫന്‍ ദുജ്ജാറിക് പറഞ്ഞു. അസമില്‍ ഇപ്പോഴും ബ്രഹ്‌മപുത്ര നദി കരകവിഞ്ഞൊഴുകുകയാണ്. കച്ചാര്‍ ജില്ലയിലൂടെ ഒഴുകുന്ന ബരാക് നദിയിലും ജലനിരപ്പ് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.
അസം ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക് പ്രകാരം അസമിലെ 24 ജില്ലകളില്‍ പ്രളയം നാശം വിതച്ചു. അതോടൊപ്പം 109,600.53 ഹെക്‌ടര്‍ കൃഷിയിടങ്ങളും നശിച്ചു. പ്രളയത്തില്‍ ദുരിതത്തിലായത് 24 ലക്ഷത്തിലധികം ജനങ്ങളാണ്. 2524 ഗ്രാമങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. പ്രളയബാധിതര്‍ക്കായി വിവിധ ജില്ലകളിലായി 276 ദുരിതാശ്വാസ ക്യാമ്പുകളും 192 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളുമാണ് അസം സര്‍ക്കാര്‍ ആരംഭിച്ചത്.