ഭോപ്പാല്‍: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയേയും മുഹമ്മദ് അലി ജിന്നയുമായി താരതമ്യപ്പെടുത്തി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഉമാ ഭാരതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇവര്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും ഉമാ ഭാരതി പറഞ്ഞു. മധ്യപ്രദേശിലെ പന്നയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ത്യൻ പൗരന്മാര്‍ക്ക് ഈ നിയമം കാരണം പൗരത്വം നഷ്ടമാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗാന്ധിയുടെ പേര് 'സര്‍ നെയിമായി' ഉപയോഗിക്കാൻ രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്കാ ഗാന്ധിക്കും അര്‍ഹതയില്ലെന്നും അവര്‍ പറഞ്ഞു. ഇറ്റലിയിലെ മുസോളിനിയുടെ പട്ടാളത്തിലെ പട്ടാളക്കാരന്‍റെ മകളായിരുന്നു സോണിയാ ഗാന്ധിയെന്നും എന്നാല്‍ ഇന്ത്യയിലേക്ക് മരുമകളായി വന്നപ്പോള്‍ അവരെ രാജ്യം ബഹുമാനിക്കുകയായിരുന്നുവെന്നും ഉമാ ഭാരതി കൂട്ടിച്ചേര്‍ത്തു.