ജമ്മു: ജമ്മു കശ്മീരിലെ ഉദംപൂർ ജില്ലാ ആശുപത്രിയിൽ രണ്ട് ഡോക്ടർമാർക്കും 19 ആശുപത്രി ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച ഗർഭിണിയെ ഡോക്ടർമാർ സിസേറിയൻ നടത്തിയിരുന്നു. മറ്റ് ആശുപത്രി അധികൃതരും ഈ രോഗിയുമായി സമ്പർക്കം പുലർത്തിയിരുന്നതായി ജില്ലാ വികസന കമ്മീഷണർ പീയൂഷ് സിംഗ്ല ട്വീറ്റിൽ പറഞ്ഞു.
റിപ്പോർട്ടുകൾ പോസിറ്റീവ് ആയതിനെത്തുടർന്ന് ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും കൊവിഡ് വാർഡുകളിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെ ജമ്മു മേഖലയിലെ ഉദംപൂർ ജില്ലയിൽ വൈറസ് കേസുകളുടെ എണ്ണം 150 ആയി ഉയർന്നു. ഇതിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നും മടങ്ങിയെത്തിയ 89 പേർ ഉൾപ്പെടുന്നു. വൈറസ് ബാധിച്ച് ഒരു സ്ത്രീ മരിച്ചു. 34 പേർ രോഗമുക്തി നേടി.