അഗർത്തല: ത്രിപുരയിൽ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. അഗർത്തല ഗവൺമെന്‍റ് മെഡിക്കൽ കോളജിലാണ് (എജിഎംസി) വ്യാഴാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്‍റെ അമ്മ കൊവിഡ് രോഗി ആയതിനാലാണ് കുട്ടിയുടെ സാമ്പിൾ ശേഖരിച്ചത്. ശനിയാഴ്ചയാണ് കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു കൊണ്ടുള്ള റിപ്പോർട്ട് വന്നത്. അന്ന് തന്നെയാണ് കുഞ്ഞ് മരിച്ചതും.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 62 കാരനും ശനിയാഴ്ച രോഗം ബാധിച്ച് മരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ജൂലൈ 31നാണ് ഇയാളെ എജിഎംസിൽ പ്രവേശിപ്പിച്ചത്. പുതിയ രണ്ട് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 23 ആയി.
അതേസമയം, സംസ്ഥാനത്ത് 253 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,251 ആയി ഉയർന്നു. വെസ്റ്റ് ത്രിപുര ജില്ലയിൽ 101 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഖൊവായിയിൽ 39, ഗോമാതിയിൽ 38, നോർത്ത് ത്രിപുരയിൽ 32, സെപാഹിജാലയിൽ 19, ധലൈയിൽ 11, സൗത്ത് ത്രിപുരയിൽ 10, ഉനകോട്ടിയിൽ മൂന്ന് എന്നിങ്ങനെയാണ് കൊവിഡ് കേസുകളുടെ എണ്ണം.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരാണ് ത്രിപുരയിലെ കൊവിഡ് കേസുകളുടെ കുതിച്ചുചാട്ടത്തിന് കാരണം. സംസ്ഥാനത്ത് നിലവിൽ 1,747 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. 3,463 പേർക്ക് ഇതുവരെ രോഗം ഭേദമായി. പതിനെട്ട് രോഗികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്.