ഹൈദരാബാദ്: ടി.ആർ.എസ് സർക്കാരിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ നേതാവ് കെ. നാരായണ. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ (ടിഎസ്ആർടിസി) പണിമുടക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമരക്കാരുമായി ഉടൻ ചർച്ച നടത്തണമെന്നും പ്രശ്‌ന പരിഹാരം കണ്ടെത്തണമെന്നും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനോട് നാരായണ ആവശ്യപ്പെട്ടു. ടി.എസ്.ആർ.ടി.സിയിൽ നിലവിലുള്ള ജീവനക്കാരെ നീക്കം ചെയ്‌ത് പുതിയ തൊഴിലാളികളെ നിയമിച്ച നടപടിയില്‍ മനംനൊന്ത ജീവനക്കാരൻ ശ്രീനിവാസ് റെഡ്ഡി ആത്മഹത്യ ചെയ്‌തിരുന്നു. ഒക്ടോബർ അഞ്ച് മുതൽ പണിമുടക്കുന്ന 48,000 ടി.എസ്.ആർ.ടി.സി ജീവനക്കാരിൽ റെഡ്ഡിയും ഉൾപ്പെട്ടിരുന്നു. ആർ.ടി.സിയെ സർക്കാരുമായി ലയിപ്പിക്കണമെന്നായിരുന്നു ജീവനക്കാരുടെ ആവശ്യം. പണിമുടക്കിനിടെ സ്വയം തീകൊളുത്തിയ ബസ് ഡ്രൈവർ ശ്രീനിവാസ് റെഡ്ഡി ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ടി.എസ്.ആർ.ടി.സി ജീവനക്കാരുമായി ചർച്ച നടത്താൻ കെ.സി.ആർ വളരെ അചഞ്ചലനാണെന്ന് കെ. നാരായണ പറഞ്ഞു. ആർ.ടി.സി തൊഴിലാളികൾക്ക് പകരമായി തൊഴിലില്ലാത്ത യുവാക്കളെ കൊണ്ടുവന്നു. ഒരു ആഭ്യന്തര യുദ്ധത്തിനാണ് കെസിആര്‍ പ്രേരിപ്പിക്കുന്നത്. വാസ്തവത്തിൽ ശ്രീനിവാസ് റെഡ്ഡിയുടേത് ആത്മഹത്യയല്ല, സർക്കാരിന്‍റെ കൊലപാതകമാണെന്ന് കെ. നാരായണ ആരോപിച്ചു. മുഖ്യമന്ത്രി അദ്ദേഹത്തെ കൊന്നു. ഐപിസി 302 വകുപ്പ് പ്രകാരം അദ്ദേഹത്തിനെതിരെ കേസ് ഫയൽ ചെയ്യണം. ഈ പ്രക്ഷോഭത്തിൽ നിന്ന് ഓടിയൊളിക്കാൻ വളരെക്കാലം മുഖ്യമന്ത്രിക്ക് കഴിയില്ല. ആർ.ടി.സി പ്രവർത്തകരുമായി ചർച്ച നടത്തുകയും പ്രശ്‌നം പരിഹരിക്കുകയും വേണം. അല്ലാത്തപക്ഷം ഈ പ്രക്ഷോഭം അദ്ദേഹത്തിന്‍റെ അന്ത്യം കാണുമെന്നും സി.പി.ഐ നേതാവ് നാരായണ കൂട്ടിച്ചേർത്തു. അതേസമയം ഒക്ടോബർ പതിനഞ്ചിന് തെലങ്കാന ഹൈക്കോടതി ആർ.ടി.സി വിഷയത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.