ന്യൂഡല്‍ഹി: അതിർത്തിയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു. സിക്കിമിലെ നാകുല പ്രദേശത്തിന് സമീപം നിയന്ത്രണരേഖയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇരു പക്ഷത്തേയും സൈനികര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇരുപത് ചൈനീസ് സൈനികര്‍ക്കും നാല് ഇന്ത്യന്‍ സൈനികര്‍ക്കും സംഭവത്തില്‍ പരിക്കേറ്റു. മൂന്ന് ദിവസം മുന്‍പാണ് സംഭവം നടന്നതെന്നാണ് വിവരം. നാകുലയില്‍ ഇന്ത്യന്‍ മേഖലയിലേക്ക് പ്രവേശിക്കാനുള്ള ചൈനിസ് സൈനികരുടെ ശ്രമം ഇന്ത്യന്‍ സൈന്യം ചെറുക്കുകയായിരുന്നു.
ചൈനയുടെ പട്രോള്‍ സംഘം അവിചാരിതമായി നിയന്ത്രണ രേഖ മുറിച്ചുകടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സൈനികര്‍ തടഞ്ഞു. ചൈനിസ് സൈനികരുടെ കടന്നുകയറ്റം ഫലപ്രദമായ് തടയാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിച്ചതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലും സമാനമായ വിധത്തില്‍ മേഖലയിലേക്ക് ചൈനീസ് സൈന്യം കടന്നുകയറാന്‍ ശ്രമിച്ചിരുന്നു. സമുദ്രനിരപ്പില്‍നിന്ന് 19,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശമാണ് നകുല.
ഇന്ത്യ- ചൈന ഒമ്പതാം വട്ട കമാൻഡർ തല ചർച്ച നീണ്ടത് 15 മണിക്കൂർ
അതേസമയം, അതിർത്തി പ്രശ്നത്തിൽ ഇരുരാജ്യങ്ങളും തമ്മിലുളള ഒൻപതാംവട്ട സൈനികതല ചർച്ചകൾ കഴിഞ്ഞ ദിവസം നടന്നിരുന്നു . ചൈന അതിർത്തിയിൽ നിന്ന് പൂർണമായും പിൻവാങ്ങണമെന്ന് ചർച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടു. സംഘർഷ സാദ്ധ്യതയുളള ചിലയിടങ്ങൾ സ്വന്തമാണെന്ന ഇരു രാജ്യങ്ങളുടെയും വാദങ്ങൾ പരിശോധന വിധേയമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തമാസം വീണ്ടും പത്താം വട്ട സൈനിക തല ചര്‍ച്ചനടക്കും.