തൃശൂര്‍ പൂരത്തിന് ഇത്തവണ കര്‍ശന സുരക്ഷയൊരുക്കാന്‍ കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കുന്നത്. പൂരം, വെടിക്കെട്ട് അടക്കമുള്ളവ മുൻ വർഷത്തെ പോലെ തന്നെ നടക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു.
എന്നാൽ യോഗത്തെ സംബന്ധിച്ച് ദേവസ്വം ഭാരവാഹികൾ പ്രതികരിച്ചില്ല. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍റെ വിലക്ക് നീക്കുന്നതും വെടിക്കെട്ടില്‍ ഓലപ്പടക്കങ്ങള്‍ ഉപയോഗിക്കുന്നതും സംബന്ധിച്ച തര്‍ക്കവിഷയങ്ങളും കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായില്ലെന്നാണ് വിവരം. കലക്ടർ ടി വി അനുപമ, ജില്ലാ പൊലീസ് മേധാവിമാരായ ജി എച്ച് യതീഷ് ചന്ദ്ര, വിജയകുമാർ, വിവിധ വകുപ്പ് മേധാവികൾ, ദേവസ്വം പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.