അഗർത്തല: ബംഗ്ലാദേശ് വഴിയുള്ള പ്രവേശനം തടയാനായി അഗർത്തല -അഖൗര ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് അടച്ച് ത്രിപുര സർക്കാർ. മാർച്ച് 31 വരെയാണ് അതിർത്തി അടച്ചിടുകയെന്നും വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാർ അനിയന്ത്രിതമായി അഗർത്തല-അഖൗര ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് വഴി കടക്കാൻ ശ്രമിക്കുന്നതിനാലാണ് അടക്കാൻ തീരുമാനിച്ചതെന്നും ത്രിപുര പ്രിൻസിപ്പിൾ സെക്രട്ടറി ബരുൺ കുമാർ സാഹു പറഞ്ഞു.
1897 പകർച്ചവ്യാധി രോഗ നിയമപ്രകാരമാണ് തീരുമാനം. മാർച്ച് 18 മുതൽ ഈ അതിർത്തിയിലൂടെ കടന്നു വരുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 802 പേരാണ് ഇതിലൂടെ ഇന്ത്യയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിൽ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ നിർത്തലാക്കാത്തതിനാൽ ആദ്യം ആളുകൾ ധാക്കയിലെത്തുകയും തുടർന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വഴി വന്ന 15 പേർ കൊവിഡ് ലക്ഷണങ്ങൾ കാണിച്ചെന്നും ഇവരെ ഐസലേഷനിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്‌ച മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദെബിന്‍റെ അധ്യക്ഷതയിൽ ചേർന്ന റിവ്യൂ യോഗത്തില്‍ ഇക്കാര്യം ചർച്ചയായിരുന്നു.