പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ട്രാൻസ്‌ജെൻഡർ മോണിക്ക ദാസ് പ്രിസൈഡിങ് ഓഫീസറായി ചുമതലയേൽക്കും. രാജ്യത്ത് ആദ്യമായാണ് ഒരു ട്രാൻസ്ജെൻഡറെ പ്രിസൈഡിങ് ഓഫീസറായി നിയമിക്കുന്നത്. പട്നയിൽ നിന്നുള്ള മോണിക്ക ദാസ് രാജ്യത്തെ ആദ്യത്തെ ട്രാൻസ്ജെൻഡർ ബാങ്ക് ഉദ്യോഗസ്ഥയാണ്. കാനറ ബാങ്കിലാണ് മോണിക്ക ജോലി ചെയ്യുന്നത്.
പ്രിസൈഡിംഗ് ഓഫീസർ എന്ന നിലയിൽ മോണിക്ക മോണിറ്ററിങ് ജോലികളിലൂടെ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കും. ഒക്ടോബർ എട്ടിന് മോണിക്കയ്ക്ക് പ്രിസൈഡിങ് ഓഫീസർക്ക് വേണ്ട പരിശീലനം നൽകും.
മുമ്പ് ട്രാൻസ്‌ജെൻഡർ റിയ സിർകാർ എന്ന സ്‌കൂൾ അധ്യാപികയെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് ഓഫീസർ ആക്കിയിരുന്നു.
ബിഹാർ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം ഒക്ടോബർ 28 നാണ് നടക്കുക. രണ്ടാം ഘട്ടം നവംബർ മൂന്നിനും അവസാനത്തെ മൂന്നാം ഘട്ടം നവംബർ ഏഴിനും നടക്കും. നവംബർ 10 ന് വോട്ടെണ്ണൽ ആരംഭിക്കും.