ബെംഗളൂരു: കൊവിഡ് -19 കേസുകളിലെ വർധനയെ തുടർന്ന് കൊഡഗു ജില്ലയിലെ എല്ലാ ടൂറിസം പ്രവർത്തനങ്ങളും കർണാടക സർക്കാർ നിരോധിച്ചു. ഡെപ്യൂട്ടി കമ്മീഷണർ അനിസ് കൻമാനി ജോയ് പുറപ്പെടുവിച്ച ഉത്തരവിൽ എല്ലാ റിസോർട്ടുകളും ഹോംസ്റ്റേകളും അടക്കണമെന്ന് അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുതിയ ബുക്കിംഗുകളൊന്നും എടുക്കരുതെന്നും ഹോംസ്റ്റേകളുടെയും റിസോർട്ടുകളുടെയും ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ സ്വീകരിച്ച ബുക്കിങ്ങുകൾ റദ്ദാക്കാനും പണം തിരികെ നൽകാനും ഉത്തരവുണ്ട്. ആരെങ്കിലും ഇതിനകം തന്നെ റിസോർട്ടുകളിൽ താമസിക്കുന്നുണ്ടെങ്കിൽ അവർക്ക് ബുക്കിംഗ് കാലയളവ് അവസാനിക്കുന്നതുവരെ താമസിക്കാം.
കർണാടക ടൂറിസം വകുപ്പ് ജൂണിൽ റിസോർട്ടുകൾ തുറക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും മാർഗനിർദ്ദേശങ്ങളും മാനദണ്ഡങ്ങളും പുറപ്പെടുവിച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 25,317 കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. 14,389 സജീവ കേസുകൾ നിലവിലുണ്ട്.