ചെന്നൈ: അനധികൃതമായി സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡ് പൊട്ടിവീണ് 23കാരിയുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ എഐഎഡിഎംകെ നേതാവ് അറസ്റ്റില്‍. എഐഎഡിഎംകെ മുന്‍ കൗണ്‍സിലര്‍ ജയഗോപാലാണ് അറസ്റ്റിലായത്. കൃഷ്ണഗിരിയിലെ ഒളിസങ്കേതത്തില്‍ നിന്നും ജയഗോപാലിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജയഗോപാലിന്‍റെ മകന്‍റെ കല്യാണത്തിന് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകളാണ് അപകടത്തിനിടയാക്കിയത്.
ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചിരുന്ന ശുഭശ്രീയാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. ഫ്ലക്സ് ബോര്‍ഡ് പൊട്ടിവീണതിനേത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ ശുഭശ്രീയുടെ മുകളിലൂടെ വാട്ടര്‍ ടാങ്കര്‍ കയറിയിറങ്ങുകയായിരുന്നു. ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ഫ്ലക്സ് പ്രിന്‍റ് ചെയ്ത സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തിരുന്നു. സംഭവത്തില്‍ ജയഗോപാലിനെതിരെ നടപടി വൈകിയതിനേത്തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് തമിഴ്‌നാട്ടിലുണ്ടായത്. തുടര്‍ന്ന് എഐഎഡിഎംകെയും ഡിഎംകെയും പ്രവര്‍ത്തകരോട് ഫ്‌ളക്‌സ് ബോര്‍ഡുകൾ സ്ഥാപിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു.
വിഷയത്തില്‍ ഇടപെട്ട മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനെതിരെയും ചെന്നൈ കോര്‍പ്പറേഷനെതിരെയും രൂക്ഷവിമര്‍ശനമാണ് നടത്തിയത്. പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയ അനധികൃത ഫ്ലക്സ് ബോര്‍ഡ് സ്ഥാപിക്കുന്നത് തടയാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഫ്‌ളക്‌സ് ബോര്‍ഡുകൾ സ്ഥാപിക്കുന്നത് നിരോധിക്കാനായി സ്വീകരിച്ച നടപടികളെപ്പറ്റിയും കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.