കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം.എൽ.എ സമരേഷ് ദാസ് (76) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. പശ്ചിമ ബംഗാളിലെ എഗ്ര മണ്ഡലത്തിൽ നിന്നുള്ള നിയമാസഭാംഗമാണ് സമരേഷ് ദാസ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ടി.എം.സി മേധാവിയുമായ മമത ബാനർജി അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ടിഎംസിയുടെ മുതിർന്ന നേതാവായ സമരേഷ് ദാസ് 2009ലെ ഉപതെരഞ്ഞെടുപ്പിൽ എഗ്ര നിയമസഭാ മണ്ഡലത്തിൽ നിന്ന് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടു. 2011, 2016 നിയമസഭാ തെരഞ്ഞെടുപ്പുകളിലും അദ്ദേഹം സീറ്റ് നിലനിർത്തി. കൊവിഡ് ബാധിച്ച് മരണമടഞ്ഞ സംസ്ഥാനത്തെ മൂന്നാമത്തെ നേതാവാണ് ദാസ്. നേരത്തെ തൃണമൂൽ കോൺഗ്രസ് എം.എൽ.എ തമോനാഷ് ഘോഷ്, മുതിർന്ന സി.പി.എം നേതാവും മുൻ എം.പിയുമായ ശ്യാമൽ ചക്രബർത്തി എന്നിവർ രോഗം ബാധിച്ച് മരിച്ചിരുന്നു. ടിഎംസിയുടെ ബിദാനഗർ മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലർ സുഭാഷ് ബോസ്, പാനിഹതി മുനിസിപ്പാലിറ്റി ബോർഡ് അഡ്മിനിസ്ട്രേറ്റർ സ്വപൻ ഘോഷ് എന്നിവരും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.